അഭൂതപൂര്‍വമായ മഴക്കെടുതിയാണ് നമ്മുടെ കേരളവും നമ്മുടെ കുടുംബങ്ങളും നേരിടുന്നതെന്ന് പറഞ്ഞ കമല്‍ഹാസന്‍, തമിഴ് ജനതയും മലയാളികളും ചരിത്രപരമായി ഒരേ ഭാഷയും സംസ്‌കാരവും പങ്കുവയ്ക്കുന്നവരാണ്. നമ്മുടെ സഹോദരങ്ങളെ ഈ ഘട്ടത്തില്‍ സഹായിക്കേണ്ടത് നമ്മുടെ ദൗത്യമാണ്. ഈ സാഹചര്യത്തില്‍ എഴുപത്തിരണ്ടാം സ്വാതന്ത്ര്യം ദിനം ആഘോഷിക്കേണ്ടത് നമ്മുടെ ബന്ധുക്കളെയും മിത്രങ്ങളെയും സഹായിച്ചുകൊണ്ടാവണമെന്നും പറഞ്ഞു. ദുരിതബാധിത പ്രദേശത്ത് സര്‍ക്കാരിനെയും സൈന്യത്തെയും സംഘടിതമായി സഹായിക്കുന്നതിന് സമീപത്തുള്ള മക്കള്‍ നീതി മൈയ്യം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും കമല്‍ പറഞ്ഞു. ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിച്ച സഹായത്തെയും പിന്തുണയെയും തമിഴ് ജനത നന്ദിപൂര്‍വം സ്മരിക്കുന്നു. ഒരു സഹായത്തിന് പകരം ചെയ്യുക എന്നതല്ല ഇതിനര്‍ഥം. മറിച്ച് ഇത് കേരളത്തിലെ സഹോദരങ്ങളോടുള്ള അചഞ്ചലമായ സ്‌നേഹമാണ്. അല്ലാതെ കുടുംബങ്ങള്‍ പിന്നെ എന്താണ്. നമ്മള്‍ ഒരു വലിയ കുടുംബമാണെന്ന് വ്യക്തമാക്കിയ കമല്‍ഹാസന്‍ എല്ലാവരോടും സ്‌നേഹമെന്ന് പറഞ്ഞുകൊണ്ടാണ് അഭ്യര്‍ത്ഥന അവസാനിപ്പിക്കുന്നത്. കമലിന്റെ അഭ്യര്‍ത്ഥനയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് വലിയ രീതിയിലുള്ള പ്രതികരണം ഉയരുന്നുണ്ട്.
പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കണമെന്ന ആഹ്വാനമായി മുന്‍ ക്രിക്കറ്റ്താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കേരളത്തിന് പിന്തുണയുമായി സച്ചിന്‍ രംഗത്ത് വന്നത്. കേരളത്തിലെ മഴക്കെടുതിയില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം അത്യാവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചെറിയ സംഭാവന പോലും വലിയ കാര്യമാണെന്നും സച്ചിന്‍ പറഞ്ഞു. പ്രാര്‍ഥനകള്‍ നല്ലതാണ്, പക്ഷേ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. സച്ചിന്റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചെറിയ തുകയാണെങ്കില്‍ കൂടി തങ്ങള്‍ സഹായം നല്‍കുമെന്ന് വ്യക്തമാക്കി ഒട്ടനവധി പേര്‍ രംഗത്ത് വന്നിരിക്കുകയാണ്.