കേന്ദ്രസർക്കാരിന്റെ അവഗണന മൂലം കേരളത്തിനുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് സമാനമാണ് കർണാടകയിലേതെന്നും ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ.കേരളം നാളെ ഡൽഹിയിൽ നടത്തുന്ന സമരത്തിന് തങ്ങൾ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്തുണ അഭ്യർഥിച്ച്കേരള മുഖ്യമന്ത്രി തങ്ങൾക്ക് കത്ത് അയച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രതിപക്ഷം പിണറായി സർക്കാരിന്റെ സമരത്തെ ഇതുവരെ പിന്തുണച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ശിവകുമാറിന്റെ നിലപാട് രാഷ്ട്രീയപരമായി ഏറെ ശ്രദ്ധനേടുന്നതാണ്. ഈ വിഷയത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നികുതി വിഹിതം കൃത്യമായി തങ്ങൾ കേന്ദ്രത്തിലേക്ക്അടയ്ക്കുന്നുണ്ട്. എന്നാൽ അർഹമായ വിഹിതം തിരിച്ചു നൽകാൻകേന്ദ്രം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
100 രൂപ കൊടുക്കുമ്പോൾ 30 രൂപ പോലും വിഹിതമായി ലഭിക്കുന്നില്ല. നികുതി വിഹിതവും ഗ്രാൻ്റുകളും വെട്ടിക്കുറയ്ക്കുകയാണ്.ഇത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടു തന്നെ കേരളത്തിൻ്റെ സമരത്തെ തങ്ങൾ പിന്തുണക്കും. ജനങ്ങൾക്കു വേണ്ടിയുള്ള സമരമാണിത് - ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൻ്റെ ഡൽഹി സമരത്തിന്പൂർണ പിന്തുണ നൽകുന്നതായി കർണാടക ഊർജ വകുപ്പ് മന്ത്രി KJ ജോർജും വ്യക്തമാക്കി.