പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍ : പ്രധാനമന്ത്രി
അഡ്മിൻ
ന്യൂഡല്‍ഹി : രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയാണ് പ്രധാനമന്ത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയാണ്. മറ്റു ഭാഗങ്ങളില്‍ മികച്ച കാലവര്‍ഷം ലഭിച്ചു. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേരളത്തിന് ആശ്വാസമേകുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നതാണ്.
സ്വാതന്ത്ര്യ ദിന പ്രസംഗം പുരോഗമിക്കുമ്പോള്‍ ബഹിരാകാശത്തേക്ക് 2022ല്‍ ഇന്ത്യ ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒരുകാലത്ത് വടക്കുകിഴക്കന്‍ ഇന്ത്യക്കാര്‍ക്ക് ഡല്‍ഹിയെന്നത് വളരെ ദൂരെയുള്ള സ്ഥലമായിരുന്നു. എന്നാല്‍ ഇന്ന് ഡല്‍ഹിയെ വടക്കുകിഴക്കന്‍ ഇന്ത്യയുടെ വാതില്‍പ്പടിയില്‍ ഞങ്ങളെത്തിച്ചെന്നും മോദി അവകാശപ്പെട്ടു. കോടിക്കണക്കിനു യുവാക്കള്‍ ലോണെടുത്ത് വ്യാപാരം തുടങ്ങിയതായും പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് ഇന്ത്യയുടെ ശബ്ദം കാര്യമായി കേട്ടുതുടങ്ങി. പല പ്രധാനപ്പെട്ട സംഘടനകളുടെയും താക്കോല്‍ സ്ഥാനങ്ങളില്‍ നമ്മളെത്തി. ഈ സംഘടനകള്‍ പലതും നമുക്കു മുന്നില്‍ നേരത്തേ വാതിലുകള്‍ കൊട്ടിയടച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജിഎസ്ടി യാഥാര്‍ഥ്യമാക്കി. ജിഎസ്ടിയുടെ വിജയത്തില്‍ ബിസിനസ് സമൂഹത്തിനൊന്നാകെ നന്ദി പറയുന്നതായി മോദി സ്വാതന്ത്ര്യ ദിനത്തില്‍ പറഞ്ഞു. ആഗോള താപനം ഒരു ഭീഷണിയാണെന്നും പാരിസ്ഥിതി ആശങ്കയ്ക്കു കാരണമാണെന്നും വിശ്വസിക്കുന്ന ഒരുവിഭാഗം ജനങ്ങള്‍ക്ക് ഇന്ത്യ ഒരു പ്രതീക്ഷയാണെന്നും പ്രധാനമന്ത്രി. രാജ്യാന്തര സോളര്‍ സഖ്യത്തെ നയിക്കുന്നത് ഇന്ത്യയാണെന്നു പറഞ്ഞ പ്രധാനമന്ത്രി മംഗള്യാന് ദൗത്യത്തിന്റെ വിജയത്തെയും പുകഴ്ത്തി. ഇന്ത്യന്‍ ശാസ്ത്രജ്ഞരെയും മോദി പുകഴ്ത്തി. ബി ആര് അംബേദ്കര്‍ നമുക്ക് നല്കിയ ഭരണഘടനയില്‍ എല്ലാവര്ക്കും തുല്യനീതി ഉറപ്പുവരുത്തുന്നു. ഇക്കാര്യം നമ്മള് ഉറപ്പുവരുത്തണം. എങ്കിലേ ഇന്ത്യയ്ക്കു വലിയ രീതിയില്‍ വികസിക്കാനാകൂ. സാമൂഹിക നീതിക്കുവേണ്ടി മാറ്റിവച്ച പാര്‍ലമെന്റ് സമ്മേളനമായിരുന്നു ഇത്തവണത്തേത്. ഒബിസി കമ്മിഷന് രൂപീകരിക്കുന്നതിനുള്ള ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കാനായി. നാവികസേനയിലെ ആറ് വനിതാ ഉദ്യോഗസ്ഥര്‍ അടുത്തിടെ ലോകം ചുറ്റി വന്ന അഭിമാനത്തിലാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. –