കേരളം അതിജീവനത്തിനായുള്ള പോരാട്ടത്തില്‍

തിരുവനന്തപുരം : പ്രളയമഴയ്ക്ക് അവസാനമില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട്(അതീവ ജാഗ്രത) പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ദുരന്തബാധിതര്‍ ഒറ്റപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടു. കൂടുതല്‍ കേന്ദ്ര സേനയുടെ സഹായം തേടുന്നതിനും, മുല്ലപ്പെരിയാര്‍ അണക്കെട്ടു വിഷയത്തില്‍ കേന്ദ്രം വഴി തമിഴ്‌നാടിനെ സമ്മര്‍ദ്ദത്തിലാക്കാനുമായാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും പ്രധാനമന്ത്രിയുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. കൂടുതല്‍ സേനയെ വിട്ടു നല്‍കാന്‍ മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ വ്യോമ, നാവിക, കര സേനകളുടെ സഹായം തേടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണശേഷി കവിയുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് ഇ മെയില്‍ അയക്കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. തമിഴ്‌നാട് അനുകൂലമായി പ്രതികരിക്കുമെന്നാണ് കരുതുന്നത്.

അതിശക്തമായി തുടരുന്ന ദുരിതപ്പെയ്ത്തില്‍ ഇന്നു മാത്രം മരണം 22 ആയി. മലപ്പുറം ജില്ലയില്‍ മാത്രം പന്ത്രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മണ്ണിടിഞ്ഞ് വീണാണ് കൂടുതല്‍ പേരും മരണമടഞ്ഞത്. മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാളും മരിച്ചു. അഷ്ടമുടിക്കായലില്‍ വള്ളംമുങ്ങി കുരീപ്പുറ ലില്ലിഭവനം പീറ്റര്‍ മരിച്ചു. ആലപ്പുഴയില്‍ മീന്‍പിടുത്തബോട്ട് മുങ്ങി മൂന്നുപേരെ കാണാതായിട്ടുണ്ട്.

തിരുവനന്തപുരം - നാഗര്‍കോവില്‍ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കയാണ്. മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഇന്നും സംസ്ഥാനത്ത് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 33 ഡാമുകളാണ് സംസ്ഥാനത്തുടനീളം തുറന്നിരിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് സംസ്ഥാനത്ത് 33 ഡാമുകളുടെ ഷട്ടറുകള്‍ ഒന്നിച്ച് തുറക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്. പെരിയാറും ചാലക്കുടിപ്പുഴയും പമ്പയും ഉള്‍പ്പെടെ ചെറുതും വലുതുമായ പുഴകളാണ് കവിഞ്ഞൊഴുകുന്നത്. ചരിത്രത്തിലാദ്യമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് പരമാവധി സംഭരണശേഷിയിലെത്തി. 142 അടിയായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മഴ കനത്തതോടെ മാഞ്ഞാലി അങ്കമാലി പാതയിലുടെയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചു. പറവൂര്‍ നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകേണ്ടവര്‍ ആലുവ വഴി പോകണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറില്‍ 13 സ്പില്‍വേ ഷട്ടറുകളിലൂടെ ജലം ഒഴുക്കിയിട്ടും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. 11500 ഘനയടി വെള്ളം തുറന്നുവിട്ടു തുടങ്ങി. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും നീരൊഴൊക്ക് വന്‍തോതില്‍ വര്‍ദ്ധിച്ചതുമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരാന്‍ കാരണം.

15-Aug-2018