ബിജെപിക്കെതിരെ മിണ്ടാതിരിക്കുന്നതിൽ സുധാകരനും സതീശനും ഒറ്റക്കെട്ടാണ്: മന്ത്രി മുഹമ്മദ് റിയാസ്
അഡ്മിൻ
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബഹുദൂരം പിന്നിലെന്ന് പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ പോലും കോൺഗ്രസിന് സാധിച്ചിട്ടില്ലെന്ന് റിയാസ് കുറ്റപ്പെടുത്തി. തെറ്റിദ്ധാരണയുടെ ഭാഗമായി 2019 ൽ ജനം കോൺഗ്രസിന് വോട്ട് ചെയ്തു. എന്നാൽ കോൺഗ്രസിന്റെ സമരാഗ്നിയില്‍ ബിജെപിക്കെതിരെ നേതാക്കൾ എന്തെങ്കിലും സംസാരിച്ചോ?
അക്കാര്യത്തിൽ പ്രസിഡൻ്റും പ്രതിപക്ഷ നേതാവും ഒറ്റക്കെട്ടാണെന്നും കെ സുധാകരനെയും വി ഡി സതീശനെയും വിമർശിച്ച് റിയാസ് പറഞ്ഞു. കേരളത്തെ വഞ്ചിച്ച യുഡിഎഫ് എംപിമാർക്ക് എതിരായ റിവഞ്ച് ഇലക്ഷനാകും നടക്കുക. ബിജെപിക്കെതിരെ മിണ്ടാതിരിക്കുന്നതിൽ സുധാകരനും സതീശനും ഒറ്റക്കെട്ടാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ തരംഗമായിരിക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു.
കേരളത്തിൽ ബിജെപി രണ്ടക്കം നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെയും റിയാസ് പരിഹസിച്ചു. പ്രധാനമന്ത്രിയെ അല്ല അദ്ദേഹത്തിന് പ്രസംഗം എഴുതി കൊടുത്തവരെയാണ് കുറ്റം പറയേണ്ടത്. പ്രാദേശിക നേതാവിനെ പോലെ പ്രധാനമന്ത്രിയെ കൊണ്ട് സംസാരിപ്പിച്ച വിദ്വാന് സ്വീകരണം നൽകണമെന്നും റിയാസ് പറഞ്ഞു.