പാലക്കാട് : കനത്തമഴയില്‍ പാലക്കാട് നെന്‍മാറയില്‍ ഉരുള്‍പൊട്ടി എട്ടുപേര്‍ മരിച്ചു. കൂടുതല്‍ പേര്‍ കുടുങ്ങികിടക്കുന്നതായും സൂചനയുണ്ട്. മണ്ണിനടിയില്‍നിന്നും അഞ്ചുപേരെ കണ്ടെത്തി.എന്നാല്‍ പ്രദേശത്ത് മഴ കനത്തതോടെ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കയാണ്. മംഗലശേരിയില്‍ 20ഓളം ഇടങ്ങളില്‍ ഉരുള്‍പൊട്ടിയതായി സൂചനയുണ്ട്. പാലക്കാട് മൈലാപാടത്തും പെരിങ്ങോട്ട്കുരിശിയിലും ഉരുള്‍പൊട്ടലുണ്ടായി. അതേസമയം ഭവാനിപ്പുഴ കരകവിഞ്ഞതോടെ അട്ടപ്പാടി പൂര്‍ണമായും ഒറ്റപ്പെട്ടു. കുന്തിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. മഴ കനത്തതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഒരു മീറ്ററിലേറെയാണ് (105 സെന്റീമീറ്റര്‍) ഉയര്‍ത്തിയത്. ഇതോടെ പുഴയുടെ തീരങ്ങളില്‍ കൂടുതല്‍ വെള്ളമുയരാനാണ് സാധ്യത.
കുതിരാനില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗയം തടസ്സപ്പെട്ടു. പാലക്കാടിന്റെ പല പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. കൂടതല്‍ പേരെ ദുരിതാശ്വാസക്യാന്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. മണ്ണാര്‍ക്കാട് അതിശക്തമായ മഴ തുടരുകയാണ്. കരടിയോട്ടില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായി. കരടിയോട് കോളനിയിലെ മൂന്നംഗ ആദിവാസി കുടുംബത്തെ കാണാതായി. കോളനി പൂര്‍ണമായും ഒറ്റപ്പെട്ടു. കുന്തിപ്പുഴ പാലത്തില്‍ ചരിത്രത്തിലാദ്യമായി വെള്ളം കയറി. കുന്തിപ്പുഴയോരത്തെ അമ്പതോളം വീടുകള്‍ വെള്ളത്തിനടിയില്‍ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായി. ഈ വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. നെല്ലിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. പുഴയോരത്തെ നൂറോളം വീടുകള്‍ വെള്ളത്തിനടിയിലായി. റവന്യൂ വകുപ്പും പോലീസും ഫയര്‍ഫോഴ്‌സും കുടംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നു.