കേരളം മനുഷ്യ സാധ്യമായതെല്ലാം ചെയ്യുന്നു. പരിഭ്രാന്തി വേണ്ട, ജാഗ്രത പാലിക്കുക : മുഖ്യമന്ത്രി

തിരുവനന്തപുരം  : സംസ്ഥാനത്ത് സമാനതകളില്ലാത്ത വെള്ളപ്പൊക്ക കെടുതികളാണുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ഇബിയുടെ 52 ഡാമുകളും ജലസേചന വകുപ്പിന്റെ 22 ഡാമുകളും നിറഞ്ഞു കവിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ ഉണ്ടാവാത്ത തരത്തിലുള്ള ദുരന്തമാണുണ്ടായിരിക്കുന്നത്. ഇതിനെ നേരിടാന്‍ മനുഷ്യസഹജമായ എല്ലാ ഇടപെടലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ അവസ്ഥ സൂചിപ്പിച്ചും, സഹായം ആവശ്യപ്പെട്ടും പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി, പ്രതിരോധമന്ത്രി എന്നിവരെ വീണ്ടും ബന്ധപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായം നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതി നേരിടാന്‍  ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഒരു കാരണവശാലും അവഗണിക്കരുത്. വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കാന്‍ നിര്‍ബന്ധം പിടിക്കരുത്, ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറണെമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളം കയറാന്‍ സാധ്യയുള്ള പെരിയാര്‍, ചാലക്കുടി തീരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പെരിയാറില്‍ ഒരു മീറ്ററോളം വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് കരകളിലുള്ളവര്‍ അല്‍പം മാറി താമസിക്കുക. ആലുവയുടെ ഭാഗത്തും മാറേണ്ട സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കരുത്തോടെയാണ് മുന്നോട്ട് പോകുന്നത്. നിലവില്‍ 52 വിവിധ ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്.  രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി ആര്‍മിയുടെ സ്‌പെഷ്യല്‍ ഫോഴ്‌സിനെ വിന്യസിക്കും. ഇതിനു വേണ്ടി ആര്‍മിയുമായി സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടു കഴിഞ്ഞു. കൂടാതെ എയര്‍ഫോഴ്‌സിന്റെയും നേവിയുടേയും നാല് വീതം ഹെലികോപ്റ്റര്‍ കൂടി രംഗത്തെത്തിക്കും. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും, ഇതോടൊപ്പം മറൈന്‍ കമാന്‍ഡോസും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടേയും ബോട്ടുടമകളുടേയും പക്കലുള്ള എന്‍ജിന്‍ പിടിപ്പിച്ച ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വിട്ട് തരാനും ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടുകളിലെ ഇന്ധനം തീര്‍ന്നുപോകുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തര സഹായം ആവശ്യമുള്ള സ്ഥലങ്ങള്‍ കേന്ദ്രസേന അടയാളപ്പെടുത്തിയിട്ടുണ്ട്.ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കി കഴിഞ്ഞു. മേയ് 29 മുതല്‍ മുതല്‍ ഇന്നലെ വരെ 256 പേര്‍ മരണപ്പെട്ടിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ മാത്രം 65 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇന്ന് (വ്യാഴാഴ്ച)മാത്രം 8 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു കമ്മിറ്റി രൂപികരിക്കാന്‍ തീരുമാനമായിട്ടുണ്ട്. കമ്മിറ്റിയില്‍ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും ഉദ്യോഗസ്ഥരും സെന്‍ട്രല്‍ വാട്ടര്‍ അതോറിറ്റിയുടെ ചെയര്‍മാന്‍ കമ്മിറ്റിയുടെ  ചെയര്‍മാനായും പ്രവര്‍ത്തിക്കും. റിസര്‍വോയറുടെ കാര്യം തീരുമാനിക്കുക ഈ കമ്മിറ്റി മുഖാന്തരമായിരിക്കും. തുടര്‍ന്നും എല്ലാ റിസര്‍വോയറുകളുടെ കാര്യങ്ങളും തീരുമാനിക്കാന്‍ ഇത്തരം കമ്മറ്റികള്‍ നിലനിര്‍ത്തുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ദുരിതാശ്വാസ സേവനം ജോലി ആയി പരിഗണിക്കും. പി എസ് സി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കും. ഒറ്റപ്പെട്ടവരെ കണ്ടെത്തി രക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നു. റാന്നി, ആറന്മുള, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങള്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നു. ഇപ്പോള്‍ മതിയായ വിദഗ്ധസംഘങ്ങള്‍ ഉണ്ട്. മൊബൈല്‍ സേവനങ്ങള്‍ നിലയ്ക്കാതിരിക്കാന്‍ കമ്പനികളുടെ യോഗം വിളിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശത്ത് ഒരു കാരണവശാലും തങ്ങരുതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല, ജാഗ്രതയോടെയുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


16-Aug-2018