മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയ് അന്തരിച്ചു

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി (94) അന്തരിച്ചു. ആര്‍ എസ് എസ് പ്രചാരകനും മുതിര്‍ന്ന ബി ജെ പി നേതാവുമായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

മധ്യപ്രദേശിലെ ഗ്വാളിയറില്‍ കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണാ ദേവിയുടെയും മകനായി 1924 ഡിസംബര്‍ 25ന് ജനിച്ചു. കാന്‍പുര്‍ സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ എം എ നേടി. ക്വിറ്റ് ഇന്ത്യ സമരകാലത്തു ജയിലില്‍ കിടന്നിട്ടുണ്ട്. 1951ല്‍ ജനസംഘം രൂപം കൊണ്ടപ്പോള്‍ സ്ഥാപകാംഗമായിരുന്നു. 1968 മുതല്‍ 1973 വരെ ജനസംഘത്തിന്റെ പ്രസിഡന്റുമായി. 1977ല്‍ ജനതയില്‍ ലയിച്ച ജനസംഘം പിന്നീട് 1980 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയായി പുനര്‍ജനിച്ചപ്പോള്‍ വായ്‌പേയിയായിരുന്നു ആദ്യ പ്രസിഡന്റ്. അതുല്യനായ പ്രസംഗകനായിരുന്നു വാജ്‌പേയി. അറിയപ്പെടുന്ന കവിയും. 1977 ല്‍ അടിയന്തരാവസ്ഥക്കാലത്തു ജയിലിലായിരുന്നപ്പോള്‍ എഴുതിയ കവിതകളുടെ സമാഹാരമാണ് ആദ്യം പുറത്തിറക്കിയത്.

1996 മേയ് 16 മുതല്‍ 1996 ജൂണ്‍ ഒന്നു വരെയും പിന്നീട് 1998 മാര്‍ച്ച് 19 മുതല്‍ 2004 മേയ് 19 വരെയും വാജ്‌പേയ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അതിനു മുന്‍പ് മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ 1977 മാര്‍ച്ച് 26 മുതല്‍ 1979 ജൂലൈ 28 വരെ വിദേശകാര്യമന്ത്രിയായിരുന്നു. 2004–ല്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം അനാരോഗ്യം കാരണം പൊതുരംഗത്തുനിന്നു പൂര്‍ണമായും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു.

ആദ്യം 13 ദിവസവും പിന്നീടു 13 മാസവും അതിനുശേഷം അഞ്ചു വര്‍ഷത്തോളവും പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി കേന്ദ്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രിയാണ്. അയോധ്യാ പ്രക്ഷോഭം ഉയര്‍ത്തിയ അനുകൂല സാഹചര്യത്തിലൂടെയാണു ബിജെപി അധികാരത്തിലേക്ക് എത്തിയതെങ്കിലും തീവ്രഹിന്ദുത്വ പ്രചാരണങ്ങളില്‍നിന്ന് എക്കാലവും അകന്നു നിന്ന നേതാവായിരുന്നു വാജ്‌പേയി. അദ്ദേഹത്തിന്റെ കാലത്തെ ധീരമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ആണവ പരീക്ഷണം. പാക്കിസ്ഥാനുമായി സൗഹൃദം സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു. രാജ്യത്തു സാമ്പത്തിക രംഗത്തും അടിസ്ഥാന വികസന രംഗത്തും ഒട്ടേറെ പുതിയ പരിഷ്‌കാരങ്ങളും പദ്ധതികളും അദ്ദേഹം കൊണ്ടുവരികയും ചെയ്തു. ആര്‍ എസ് എസ് പ്രചാരകനായിരുന്നുവെങ്കിലും തീവ്ര ഹിന്ദുത്വ നിലപാടോ, വംശഹത്യ പോലുള്ള വിധ്വംസകതകളുടെ ഉപജ്ഞാതാവോ ആയിരുന്നില്ല അടല്‍ജി. 1992 ല്‍ പത്മവിഭൂഷണും 1993 ല്‍ കാന്‍പുര്‍ യൂണിവേഴ്‌സിറ്റി ഡിലിറ്റ് പദവിയും 1994 ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡും 2015 ല്‍ ഭാരത രത്‌നയും അടല്‍ ബിഹാരി വാജ്‌പേയെ തേടിയെത്തി.

16-Aug-2018