മുല്ലപ്പെരിയാര്‍, ജലനിരപ്പ് 139 അടി ആക്കിക്കൂടെയെന്ന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിക്കൂടേയെന്നു തമിഴ്‌നാടിനോടു സുപ്രീം കോടതി. മഴവെള്ളപ്പാച്ചിലില്‍ 142 എന്ന കണക്കിനു പ്രസക്തിയില്ല. ജലനിരപ്പ് കുറയ്ക്കലാണ് ആദ്യപ്രശ്‌നം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണു രണ്ടാമത്തെ വിഷയമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.  ജലനിരപ്പ് 139 അടി ആക്കിക്കൂടേയെന്നും കോടതി തമിഴ്‌നാടിനോട് ആരാഞ്ഞു. 

ജലനിരപ്പ് സുപ്രീം കോടതി അനുവദിച്ച പരിധിയായ 142 അടി കടന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ ചോദ്യം. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും ജലനിരപ്പ് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഇന്നലെ കേരളാ മുഖ്യമന്ത്രിയെ അറിയിച്ചതിനു പിന്നാലെയാണു കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്.

ദേശീയ ദുരന്തനിവാരണസമിതിയും മുല്ലപ്പെരിയാര്‍ പ്രത്യേകസമിതിയും ഉടന്‍ യോഗം ചേരാനും കോടതി നിര്‍ദേശിച്ചു. ഇടുക്കി സ്വദേശി റസല്‍ ജോയിയാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍  എതിര്‍ത്തു. ജലനിരപ്പ് കുറയ്ക്കുന്നതു സംബന്ധിച്ച് ഇന്നു 12നു മുമ്പ് നിലപാട് അറിയിക്കാനും മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയോടു കോടതി നിര്‍ദേശിച്ചു. സമിതിയുടെ നിലപാട് അറിഞ്ഞശേഷം ഉച്ചകഴിഞ്ഞ് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.

ഹര്‍ജിക്കാരന്റെ ഭാവന മാത്രമാണിതെന്നും ജലനിരപ്പ് 142 അടിയായിത്തന്നെ  നിലനിര്‍ത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.  മുല്ലപ്പെരിയാറിലെ സ്ഥിതി വിലയിരുത്താന്‍ കാബിനറ്റ് സെകട്ടറി ഉന്നതതലസമിതി രൂപീകരിച്ചിട്ടുണ്ട്. പ്രളയം നേരിടാന്‍ കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നു കേരളസര്‍ക്കാര്‍  ആവശ്യപ്പെട്ടു.

അണക്കെട്ടിലേക്ക് 20,000 കുസെക്‌സ് വെള്ളമാണ് ഒഴുകിയെത്തുന്നതെന്നും കനത്തമഴ തുടരുന്നതിനാല്‍ ജലനിരപ്പ് പെട്ടെന്നു കുറയ്ക്കാന്‍ കഴിയില്ലെന്നും തമിഴ്‌നാട് അറിയിച്ചു. 142 അടിയായി നിലനിര്‍ത്താന്‍ കോടതി അനുവദിച്ച കാര്യവും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ഉമാപതി ചൂണ്ടിക്കാട്ടി. നിയമം അവിടെ നില്‍ക്കട്ടെയെന്നും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യമാണു പരിഗണിക്കേണ്ടതെന്നുമായിരുന്നു കോടതിയുടെ പ്രതികരണം. വെള്ളം ഒഴുക്കിവിടുകയാണെങ്കില്‍ നേരിടേണ്ട അടിയന്തരസാഹചര്യം കണക്കിലെടുക്കണം. ഇക്കാര്യത്തില്‍ എന്തെല്ലാം നടപടിയാണു സ്വീകരിക്കുകയെന്ന് അറിയിക്കാനും സമിതിയോടു കോടതി നിര്‍ദേശിച്ചു. ദേശീയ ദുരന്തനിവാരണസമിതിയും യോഗത്തില്‍ പങ്കെടുക്കണം.

17-Aug-2018