തിരുവനന്തപുരം : കേരളം ഒറ്റക്കെട്ടായി പ്രളയക്കെടുതിയെ നേരിടുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഭീതി സൃഷ്ടിക്കുവാനും തെറ്റിദ്ധാരണ പരത്താനും ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാനുള്ള നടപടികളുമായി കേരള പോലീസ്.
ദുരന്തമുഖത്തുവെച്ച് നടപടികളൊന്നും കൈക്കൊള്ളാന്‍ പോലീസ് തയ്യാറാവില്ല. പ്രളയമടങ്ങുമ്പോള്‍ നുണപ്രചാരകരെ പൊക്കാനാണ് പോലീസ് തയ്യാറെടുക്കുന്നത്. കേരള പോലീസിന്റെ സൈബര്‍ സെല്‍ നുണപ്രചാരകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില വാര്‍ത്താ ചാനലുകളിലെ വാര്‍ത്താ വ്യാഖ്യാനങ്ങളെയും വാര്‍ത്താ അവതാരകരെയും സംബന്ധിച്ച പരാതികളും ഡി ജീ പിക്ക് ലഭിച്ചിട്ടുണ്ട്. ഒറ്റക്കെട്ടായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ വിള്ളല്‍ വീഴ്ത്താനും ജനങ്ങളില്‍ അസംതൃപ്തിയും പരസ്പര സ്പര്‍ധയും വളര്‍ത്താനും വേണ്ടി വാര്‍ത്താ അവതരണങ്ങളെ ഉപയോഗിക്കുന്നു എന്നതാണ് ചാനല്‍ അവതാരകര്‍ക്ക് നേരെയുള്ള കുറ്റാരോപണം. പ്രളയദുരന്തത്തിന് ശേഷം ഇത്തരം വാര്‍ത്തകള്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്യുമെന്നാണ് സൂചനകള്‍.
ചില ബി ജെ പി പ്രവര്‍ത്തകരും എന്‍ ഡി എഫ് - എസ് ഡി പി ഐ പ്രവര്‍ത്തകരുമാണ് ആദ്യഘട്ടത്തില്‍ നുണപ്രചരണങ്ങള്‍ നടത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടക്കുമെന്നായിരുന്നു അവരുടെ ആദ്യ പ്രചരണം അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ നുണപ്രചരണങ്ങളെന്നാണ് സോഷ്യല്‍മീഡിയ നിരീക്ഷകന്‍മാര്‍ അഭിപ്രായപ്പെടുന്നത്.