കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടങ്ങി

എറണാകുളം : കനത്ത വെള്ളപ്പൊക്കത്തില്‍ വീടുകളിലും ഫ്‌ളാറ്റുകളിലും മറ്റും കുടുങ്ങിയവരെ രക്ഷപ്പെടുത്തി സുരക്ഷിതകേന്ദ്രങ്ങളിലെത്തിക്കാനുള്ള തീവ്രശ്രമങ്ങള്‍ക്ക് തുടക്കമായി. 41 മത്സ്യത്തൊഴിലാളി ബോട്ടുകള്‍ ചെങ്ങന്നൂരില്‍ വെള്ളക്കെട്ടിലകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്കു നീക്കുന്നുണ്ട്. ആവശ്യമായ അധികം ബോട്ടുകള്‍ ചള്ളിയുള്‍പ്പടെയുള്ള കടപ്പുറത്തുനിന്നും ഇവിടെ എത്തിക്കാനുള്ള ശ്രമം നടത്തുന്നതായി മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍ പറഞ്ഞു. ജില്ലാ ഭരണകൂടം ഇടപെട്ട് കൂടുതല്‍ വള്ളങ്ങള്‍ ചെങ്ങന്നൂരില്‍ എത്തിക്കുന്നുണ്ട്. രാവിലെ 19 വള്ളങ്ങള്‍ കൂടി ചെങ്ങന്നൂര്‍ക്ക് കൊണ്ടുപോകുന്നുണ്ട്. പ്രതികൂല കാലാവസ്ഥയും മഴയും മൂലം പ്രതിസന്ധി നേരിട്ട ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ച നേരം പുലര്‍ന്നതോടെ ഊര്‍ജിതമായി. സജി ചെറിയാന്‍ എംഎല്‍എ, അഡീഷനല്‍ ജില്ലാ മജിസ്‌ട്രേട്ട്, ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ താലൂക്ക് ഓഫിസില്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കുട്ടനാട്, ചമ്പക്കുളം, കൈനകരി, മുട്ടാര്‍, രാമങ്കരി, തലവടി, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ടിലായവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കുന്നതിന് നൂറോളം ബോട്ടുകള്‍ ഉപയോഗിക്കും. ഇപ്പോള്‍ ഹൗസ് ബോട്ട് ഉള്‍പ്പടെ 25 എണ്ണം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. വെളിയനാട് ബോട്ട് അടിയന്തരമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് ബോട്ടുകള്‍ എത്തിച്ചു. പാണ്ടനാട്, എടനാട് എന്നിവിടങ്ങളില്‍ കാലാവസ്ഥ മോശമാണെങ്കിലും എയര്‍ലിഫ്റ്റിങ്ങിനു ശ്രമിച്ചുവരുകയാണ്.

മല്‍സ്യബന്ധന ബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികള്‍ വിവിധ പ്രളയമേഖലകളിലേക്ക് തിരിച്ചിരിക്കുകയാണ്. പ്രളയമേഖലകളിലേക്ക് കൂടുതല്‍ ഭക്ഷണമെത്തിക്കും. നാലു വിമാനങ്ങളില്‍ ഭക്ഷണം തിരുവനന്തപുരത്തെത്തിച്ചു. കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കൊണ്ടിരിക്കയാണ്. പ്രളയബാധിത ജില്ലകളില്‍ മൂന്നുവീതം ഹെലികോപ്ടറുകള്‍ വീതം നിയോഗിക്കും. കാലവര്‍ഷക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ 108 ജീവനുകളാണ് പൊലിഞ്ഞത്.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ഒറ്റപ്പെട്ടനിലയില്‍ ഇപ്പോഴും ആയിരങ്ങളാണുള്ളത്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു ദുരിതം കൂടുതല്‍. വിവിധ സ്ഥലങ്ങള്‍ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന്  രാവിലെ മുതല്‍ കൂടുതലായി വരുന്ന ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് കുടുങ്ങി കിടക്കുന്ന എല്ലാവരെയും രക്ഷപ്പെടുത്താമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി നടത്തിയ സ്ഥിതിഗതികള്‍ വിലയിരുത്തല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.



17-Aug-2018