പ്രധാനമന്ത്രി കേരളത്തെ പരിഗണിച്ചില്ല
അഡ്മിൻ
തിരുവനന്തപുരം : കേരളത്തില്‍ കനത്ത മഴ വിതച്ച പ്രളയക്കെടുതിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസഹായമായി 2 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്കാന് തീരുമാനം. കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തിന് അടിയന്തിര സഹായമായി 500 കോടി രൂപയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി ഇന്ന് കുറച്ചുസമയം പ്രളയബാധിത പ്രദേശങ്ങള്‍ ആകാശമാര്‍ഗം നേരില്‍ കണ്ടിരുന്നു.കേരളം പ്രതീക്ഷിച്ച കൈത്താങ്ങ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അടിയന്തര സഹായമായി 2000 കോടി മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോഴാണ് പ്രധാനമന്ത്രി 500 കോടി നല്കാന് തയ്യാറായത്.
കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിട്ട കേരളത്തെ നല്ലനിലയില്‍ വീക്ഷിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. കാലാവസ്ഥ പ്രതികൂലമായത് കാരണം പ്രധാനമന്ത്രി സന്ദര്‍ശനം വെട്ടിക്കുറച്ചു. കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. അതേസമയം 20,000 കോടിയുടെ നഷ്ടമുണ്ടെന്നും അടിയന്തിരമായി 2000 കോടി രൂപയുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതും ഉണ്ടായിട്ടില്ല. ഇന്‍ഷുറന്‍സ് കമ്പനികളോട് കേരളത്തില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. മെയ് 29ന് തുടങ്ങിയ പേമാരിയില്‍ 357 പേര് ഇതുവരെ മരണപ്പെട്ടു. 40,000 ഹെക്ടറലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാമ്പുകളിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴിതാറാവുകളും ചത്തു.
6,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്.
രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസേനയുടെ കൂടുതല്‍ വിഭാഗങ്ങളുടെ സേവനം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി 20 ഹെലിക്കോപ്റ്ററുകളും എഞ്ചിനുളള 600 ബോട്ടുകളും എന്‍.ഡി.ആര്.എഫിന്റെ 40 ടീമുകളെയും ആര്‍മി ഇ.ടി.എഫിന്റെ 4 ടീമുകളെയും നേവിയുടെ 10 ടീമുകളെയും അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
18-Aug-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ