രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും പട്ടാളത്തിന് വിട്ടുകൊടുക്കണമെന്ന പ്രചരണത്തിന് പിന്നില്‍ ആര്‍ എസ് എസ്

തിരുവനന്തപുരം : രക്ഷാപ്രവര്‍ത്തനം സൈന്യത്തെ പൂര്‍ണമായും ഏല്‍പ്പിക്കണമെന്ന പ്രചരണത്തിന് പിന്നില്‍ ആര്‍ എസ് എസ് ഐ ടി മിലന്‍. സോഷ്യല്‍മീഡിയ വഴിയാണ് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്‍ പ്രവര്‍ത്തകരിലൂടെ പ്രളയബാധിത മേഖലകളിലെ സുരക്ഷാ പ്രവര്‍ത്തനം സൈന്യത്തിന് വിട്ടുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്ന രീതിയിലുള്ള വ്യാജപ്രചാരണം സംഘപപരിവാറിന്റെ ഐ ടി വിഭാഗം നടത്തുന്നത്.

സംസ്ഥാനത്തെ സൈനിക സേവനത്തിന്റെ നടപടിക്രമങ്ങളെ കുറിച്ചറിയാത്തവര്‍ സംഘപരിവാറിന്റെ ഈ നുണപ്രചരണം വിശ്വസിക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നുണ പ്രചരണത്തെ ഇപ്പോള്‍ സോഷ്യല്‍മീഡിയ തുറന്നുകാട്ടാന്‍ തുടങ്ങിയിട്ടുണ്ട്. 

രാജ്യത്തെ ഏത് സംസ്ഥാനത്തും ദുരന്തനിവാരണത്തിന്റെ ഉത്തരവാദിത്വം അവിടെയുള്ള സംസ്ഥാന സര്‍ക്കാരിനാണ്. അവിടെയുള്ള സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയാത്ത ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആ സമയം തന്നെ കേന്ദ്രസര്‍ക്കാരിനെ വിശദാംശങ്ങള്‍ അറിയിക്കണം. അപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം സൈന്യം സംസ്ഥാനത്തേക്ക് വരികയും അവിടെ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുക എന്നതാണ് രാജ്യത്ത് ഭരണഘടനാപരമായി നിലനില്‍ക്കുന്ന രീതി. സൈന്യം വന്ന് സംസ്ഥാനത്തെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോഴും സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ തലവന്‍ മുഖ്യമന്ത്രി തന്നെയായിരിക്കും. അല്ലാതെ സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണമായും ദുരന്തമുഖത്തുനിന്നും മാറി നിന്ന് പകരം സൈന്യം കാര്യങ്ങള്‍ ഏറ്റെടുക്കുക എന്നൊരു സംവിധാനം ഇന്ത്യയില്‍ നിലവിലില്ല എന്നതാണ് വസ്തുത. ഇത് മറച്ചുവെച്ചുകൊണ്ടാണ് ആര്‍ സെ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ നുണപ്രചരണം നടത്തുന്നത്. 

കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. സഹായങ്ങള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. സംസ്ഥാനം ആവശ്യപ്പെട്ട അളവില്‍ സൈനിക ശേഷിയെ ഇതുവരെയായും കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിട്ടില്ല. സൈന്യത്തെയും സന്നാഹങ്ങളെയും കേരളത്തിലേക്കയക്കാന്‍ ചുമതലയുള്ള കേന്ദ്രസര്‍ക്കാര്‍ ആ കാര്യത്തില്‍ പിഴവുവരുത്തിയത് എന്തുകൊണ്ടാണെന്ന് ഇതുവരെയും വ്യക്തമല്ല. ദുരന്ത സമയത്ത് രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുതിരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.

കനത്ത മഴ ആരംഭിച്ച ആഗസ്റ്റ് 9 മുതല്‍ ഇന്നേ ദിവസം വരെ സൈനിക സഹായവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ന് പ്രധാനമന്ത്രിയെ കണ്ടപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തരമായി  20 ഹെലിക്കോപ്റ്ററുകളും എഞ്ചിനുളള 600 ബോട്ടുകളും എന്‍.ഡി.ആര്‍.എഫിന്റെ 40 ടീമുകളെയും ആര്‍മി ഇ.ടി.എഫിന്റെ 4 ടീമുകളെയും നേവിയുടെ 10 ടീമുകളെയും അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പക്ഷെ, പ്രധാനമന്ത്രി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്നതാണ് നിലവിലുള്ള പ്രതിസന്ധി. ഈ സാഹചര്യം ഉപയോഗിച്ചാണ് ആര്‍ എസ് എസിന്റെ ഐ ടി വിഭാഗവും ബി ജെ പി സംഘപരിവാര്‍ പ്രവര്‍ത്തകരും നുണപ്രചരണം നടത്തുന്നത്.

ബി ജെ പി സംഘപരിവാരത്തിന്റെ ഈ നുണപ്രചരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റെടുത്തിരിക്കുന്നത് തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ളയും ഈ വാദം ഉന്നയിച്ച് പത്രസമ്മേളനം നടത്തി. പട്ടാളത്തിന് വേണ്ടി കോടതിയെ സമീപിക്കുമെന്ന വിഡ്ഡിത്തവും പത്രസമ്മേളനം നടത്തി ശ്രീധരന്‍പിള്ള പറയാന്‍ തയ്യാറായി. അതോടെ ബി ജെ പി കേന്ദ്രനേതൃത്വം കൂടി ഈ ഗൂഡാലോചനയ്ക്ക് പിന്നിലുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകാണ്.

18-Aug-2018