കെ രാജു സിപി ഐ ക്ക് കണ്ടകശ്ശനിയാവുന്നു .

തിരുവനന്തപുരം : സിപിഐയുടെ തലകുനിപ്പിച്ച് വനംവകുപ്പ് മന്ത്രി കെ രാജു ഇന്നും കേരളത്തിലേക്ക് മടങ്ങിയില്ല. മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോക മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തിനായി ജര്‍മനിയിലേക്ക് പോയ വനംമന്ത്രി ഇന്നു മടങ്ങാനായി ശ്രമം നടത്തിയെങ്കിലും യാത്രക്കാരുടെ തിരക്കുള്ളതിനാല്‍ ടിക്കറ്റ് ലഭിച്ചില്ലെന്നാണ് അറിയാന്‍ പറ്റുന്നത്. എന്നാല്‍, ഇന്ന് അദ്ദേഹം ഷോപ്പിംഗ് നടത്തുകയായിരുന്നുവെന്നും ചില സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും സിപിഐയിലെ വിമത വിഭാഗം ആരോപിക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിനു മന്ത്രി രാജുവിനെയാണു മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നത്. ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലയാണ് കോട്ടയം.

കേരളത്തില്‍ മഴ ശക്തമായപ്പോഴാണ് 16ന് മന്ത്രി ജര്‍മനിയിലേക്ക് പോയത്. മൂന്നു ദിവസത്തെ സമ്മേളനത്തിനു പുറമേ 22നു നടത്തുന്ന ഓണാഘോഷത്തിനും ശേഷം മടങ്ങാനായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തെ മടക്കി വിളിക്കുകയായിരുന്നു. സിപിഐ നേതൃത്വവും മന്ത്രിയോടു തിരികെയെത്താന്‍ ആവശ്യപ്പെട്ടു.

കോട്ടയത്ത് സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയതിനുശേഷമായിരുന്നു മന്ത്രിയുടെ യാത്ര. പ്രളയക്കെടുതിയില്‍ തകര്‍ന്നുപോയ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണമാണ് ഇന്ന് കേരളം നേരിടുന്ന വലിയ വെല്ലുവിളിയെന്നും മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കു കരുത്തു പകരാന്‍ മനുഷ്യസ്‌നേഹികളെല്ലാം ഒന്നിക്കേണ്ട സമയമാണിതെന്നും മന്ത്രി കോട്ടയം പൊലീസ് പരേഡ!് ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തിയ ശേഷം പ്രസംഗിച്ചിരുന്നു. അതേസമയം 22 വരെയാണു വിദേശത്തു പര്യടനം നിശ്ചയിച്ചിരുന്നതെന്നും സന്ദര്‍ശനം വെട്ടിച്ചുരുക്കി മന്ത്രി കെ.രാജു ഉടന്‍ തിരിച്ചെത്തുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കഴിഞ്ഞ പ്രളയക്കാലത്ത് മന്ത്രി കെ രാജു ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എത്താനും വൈകിയിരുന്നു. വാര്‍ത്തകള്‍ വന്നതോടെ ഒറ്റ ദിവസത്തെ സന്ദര്‍ശനവും അവലോകന യോഗവും നടത്തി മന്ത്രി മടങ്ങുകയായിരുന്നു.

കെ രാജുവിനെ പിന്‍വലിച്ച് മുല്ലക്കര രത്‌നാകരനെ വനംവകുപ്പ് മന്ത്രിയാക്കാനുള്ള നീക്കം സിപിഐയില്‍ നടക്കുന്നുണ്ട്. ചീഫ് വിപ്പിനെ തീരുമാനിക്കുന്നതിനൊപ്പം ഈ തീരുമാനവും വരുമെന്നാണ് സിപിഐയിലെ വിമത വിഭാഗം അവകാശപ്പെടുന്നത്.

18-Aug-2018