ദുരിതാശ്വാസ ക്യാമ്പില്‍ എസ് ഡി പി ഐ ആക്രമണം

കണ്ണൂര്‍ : കൊട്ടിയൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ എസ് ഡി പി ഐ ആക്രമണം. മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പൊലീസുകാരനും പരിക്കേറ്റു. ക്യാമ്പിന്റെ ചുമതലയുള്ള റവന്യൂ  ഉദ്യോഗസ്ഥനും മര്‍ദനമേറ്റു. കൊട്ടിയൂര്‍ ഐ ജെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ശനിയാഴ്ച രാത്രി ഏഴോടെ നാല്‍പതോളം വരുന്ന എസ് ഡി പി ഐ ക്രിമിനലുകള്‍ മിന്നലാക്രമണം നടത്തിയത്.

ക്യാമ്പിലേക്ക് ഇരച്ചുകയറിയ എസ് ഡി പി ഐ ക്രിമിനലുകള്‍ ക്യാമ്പ് ഓഫീസറെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരനേയും ഡി വൈ എഫ് ഐ പ്രവര്‍ത്തകരെയും അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഡി വൈ എഫ് ഐ കൊട്ടിയൂര്‍ വെസ്റ്റ് മേഖലാ സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജോയല്‍ ജോബ്, മേഖലാ വൈസ് പ്രസിഡന്റ് വൈശാഖ്, മേഖലാ കമ്മിറ്റിയംഗം അരുണ്‍ എന്‍ ആര്‍, ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് അനൂപ് എന്‍ ആര്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ്, ഹരി എന്നിവര്‍ക്ക് പരിക്കേറ്റു. സാരമായി  പരിക്കേറ്റ വൈശാഖിനെ തലശേരി സഹകരണ ആശുപത്രിയിലും മറ്റുള്ളവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ജില്ലയ്ക്ക് പുറത്തു നിന്നെത്തിയ ക്രിമിനലുകളും അക്രമിസംഘത്തിലുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നുണപ്രചരണവും വര്‍ഗീയ ധ്രുവീകരണവും നടത്താന്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊട്ടിയൂരിലെ ക്യാമ്പില്‍ ഇന്നലെ രാവിലെ യൂണിഫോമുമണിഞ്ഞ് എത്തിയ പത്തോളം എസ് ഡി പി ഐ പ്രവര്‍ത്തകരോട് ഒരു സംഘടനയുടെയും യൂണിഫോമണിഞ്ഞ് ക്യാമ്പില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞിരുന്നു. വിവിധ സംഘടനകളുടെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ദുരിതീശ്വാസ പ്രവര്‍ത്തനം നടത്തുമ്പോള്‍ പൊതുവില്‍ ആരും കൊടിയും മറ്റ് അടയാളങ്ങളും ഉപയോഗിക്കരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് യൂണിഫോമിട്ടുള്ള സേവനം വേണ്ടെന്ന് പറഞ്ഞത്. യൂണിഫോമിടാതെ വരാന്‍ പറഞ്ഞപ്പോള്‍ എസ് ഡി പി ഐ സംഘം ഭീഷണിമുഴക്കി പോവുകയായിരുന്നു. തുടര്‍ന്ന് തിരിച്ചടിക്കാനായി സന്ധ്യയോടെ നാല്‍പതോളം ക്രിമിനലുകള്‍ ക്യാമ്പിലെത്തി അതിക്രമം നടത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ അക്രമികള്‍ കൊട്ടിയൂര്‍ ജുമാ മസ്ജിദിലേക്ക് ഓടികയറി. പള്ളിയുടെ മുറ്റത്തുനിന്ന് അക്രമികള്‍ പൊലീസിനും പുറത്തുണ്ടായിരുന്ന നാട്ടുകാര്‍ക്കുമെതിരെയും കല്ലെറിഞ്ഞു. സംഭവമറിഞ്ഞ് കൂടുതല്‍ പൊലീസെത്തി എസ് ഡി പി ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.



19-Aug-2018