മുഖ്യമന്ത്രിയുടെ വസ്തുതാ വിവരണത്തോടെ സൈന്യവാദം മടക്കി പ്രതിപക്ഷവും ബി ജെ പിയും

തിരുവനന്തപുരം : മറുപടി പറയാതെ മറുപടികളെല്ലാം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം പൂര്‍ണമായും കണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തലകുലുക്കി. പ്രതിപക്ഷനേതാവ് രാത്രി കണ്ടുകൊണ്ടിരുന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. മുഖ്യമന്ത്രിയുടെ പത്രസമ്മളനത്തിനിടയില്‍ ഏഷ്യാനെറ്റില്‍ ബ്രേക്ക് വന്നപ്പോള്‍ ചെന്നിത്തല പീപ്പിള്‍ ടിവിയിലേക്ക് പോയി. അവിടെ പരസ്യമോ തടസമോ ഉണ്ടായിരുന്നില്ല. 

ഇന്നലെ രമേശ് ചെന്നിത്തലയും ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമല്ലെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും പട്ടാളത്തെ ഏല്‍പ്പിക്കണമെന്നും പറഞ്ഞിരുന്നു. ചില മാധ്യമങ്ങള്‍ അവരുടെ ആവശ്യത്തിന് വലിയ പ്രാധാന്യവും നല്‍കി. നിരന്തരം ഈ ആവശ്യമുന്നയിക്കുമ്പോള്‍ മുഖ്യമന്ത്രി പ്രകോപിതമാവുമെന്നായിരുന്നു കോണ്‍ഗ്രസ് - ബി ജെ പി കണക്കുകൂട്ടല്‍. പക്ഷെ, പിണറായി വിജയന്റെ ഇന്നലെ രാത്രിയുള്ള പത്രസമ്മേളനം അവരുടെ കണക്കുകൂട്ടലിനും അപ്പുറത്തുള്ളതായിരുന്നു.

ബി ജെ പി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത് കേന്ദ്ര സര്‍ക്കാരും സംസ്ഥാന ഗവണ്‍മെന്റും തമ്മിലുള്ള പ്രവര്‍ത്തന ഏകോപനത്തിലും കൈകോര്‍ത്തുള്ള മുന്നോട്ടുപോകലിലും വിള്ളല്‍ വീഴ്ത്താനാണ്. കേന്ദ്രസര്‍ക്കാരിനെതിയരെയും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും സംസ്ഥാന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നോ മറ്റാരുടെയെങ്കിലും ഭാഗത്തുനിന്നോ എന്തെങ്കിലും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബി ജെ പി ശ്രമിക്കുന്നത്. പ്രകോപനങ്ങള്‍ക്കായി ശ്രമിച്ചിട്ടും പരാജയപ്പെടുമ്പോഴാണ് വ്യാജവാര്‍ത്തകളുമായി സംഘപരിവാരം മുന്നോട്ടുപോകുന്നത്.

ഇന്നലെ രാത്രി മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ ബി ജെ പിക്കും പ്രതിപക്ഷ നേതാവിനുമുള്ള മറുപടി ഉണ്ടായിരുന്നു. പക്ഷെ, അത് അവര്‍ക്കുള്ള വിശദീകരണമായിട്ടല്ല അവതരിപ്പിച്ചത്. അതിനാല്‍ അതില്‍ കടിച്ചുതൂങ്ങാനും ചെന്നിത്തലയ്ക്കും ശ്രീധരന്‍ പിള്ളയ്ക്കും സാധിക്കുന്നില്ല.

മുഖ്യമന്ത്രി സൈനിക സേവനം സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് നടത്തിയ വിശദീകരണം :     

നമ്മുടെ രാജ്യത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഭരണ സംവിധാനവും സൈന്യവും യോജിച്ചുനിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതുപോലുള്ള എല്ലാ അവസരങ്ങളിലും ജില്ലാ ഭരണസംവിധാനത്തിനോടൊപ്പം അവരെ സഹായിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് സൈന്യത്തിന്റെകര്‍ത്തവ്യം. സിവില്‍ ഭരണസംവിധാനത്തെ സഹായിക്കുക എന്നതാണ് സൈന്യത്തിന്റെ ചുമതല എന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

നാടിനെ പരിചയമുള്ളവരുടെ സഹായത്തോടെ സൈന്യം ഒത്തുചേര്‍ന്നുകൊണ്ട് ജില്ലാ ഭരണ സംവിധാനം ഒരുക്കുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഒരിക്കലും സൈന്യം മാത്രമായി ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഓപ്പറേഷനും സാധ്യമല്ല. സംസ്ഥാന ഭരണ സംവിധാനങ്ങള്‍ സൈന്യത്തിന് പുറമെ എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ്ഗാര്‍ഡ്, സി.ആര്‍.പി.എഫ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നീ കേന്ദ്ര സേനകളുടെയും ഫയര്‍ഫോഴ്‌സ്, പോലീസ്, എസ്.ഡി.ആര്‍.എഫ്, റവന്യൂ, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥരുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ.

സംസ്ഥാന തലത്തില്‍ കേന്ദ്രീകരിക്കപ്പെടുന്ന ജോയിന്റ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ആണ് ഈ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇത് തന്നെയാണ് മുമ്പുള്ള എല്ലാ സാഹചര്യങ്ങളിലും രാജ്യത്ത് അനുവര്‍ത്തിച്ചുവരുന്നത്. ആസാമിലെയും ചെന്നൈയിലെയും ജമ്മുകാശ്മീരിലെയും പ്രളയത്തിന്റെയും ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഭൂകമ്പത്തിന്റെയും ഒക്കെ ഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൈന്യത്തിനെ മാത്രം ഏല്‍പ്പിച്ചിരുന്നില്ല. ജമ്മുകാശ്മീരിന്റെ സവിശേഷമായ സാഹചര്യത്തില്‍ പോലും സംസ്ഥാന സര്‍ക്കാരും സൈന്യവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന രീതിയാണുള്ളത്.

ഈ വസ്തുതാ വിവരണത്തോടെ ബി ജെ പിയും പ്രതിപക്ഷ നേതാവും സൈന്യത്തിന് രക്ഷാപ്രവര്‍ത്തനത്തിന് പൂര്‍ണമായ അവകാശം നല്‍കുകയെന്ന ആവശ്യം ആവര്‍ത്തിക്കാതെ പിറകോട്ട് വലിഞ്ഞിരിക്കയാണ്.

19-Aug-2018