മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു

പാലക്കാട് : മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. കേരളം പ്രളയക്കെടുതിയില്‍ അമരുന്നതിനിടയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് അറസ്റ്റ് ചെയ്തത്. അയാളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. അശ്വിന്‍ ബാബു സംഘപരിവാര്‍ പ്രവര്‍ത്തകനാണ്. അയാളുടെ ഫോണില്‍ നിന്നും ബി ജെ പി ഐ ടി സെല്ലിന്റെ മേധാവികളുമായി സംസാരിച്ചതിന്റെ വിവരങ്ങളുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരുമായി അശ്വിൻ ബാബു ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പ് വഴിയും ശബ്ദസന്ദേശത്തില്‍ പ്രചരിപ്പിച്ചത്. അശ്വിന്‍ ബാബുവിന്റെ മെസേജ് ആദ്യം വന്നത് 'സംഘഗ്രാമം ബി ജെ പി' എന്ന ഗ്രൂപ്പിലേക്കാണ്. അവിടെ നിന്നാണ് അത് വൈറലായി മാറിയത്. ശബ്ദസന്ദേശത്തില്‍ മുല്ലപ്പെരിയാറിന് വിള്ളല്‍വീണ വിവരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന സുഹൃത്തില്‍ നിന്നാണ് ലഭിച്ചതെന്നും പറയുന്നുണ്ട്. എറണാകുളം മുങ്ങുകയാണെന്നതടക്കം ജനങ്ങളെ പരിഭ്രാന്തരാക്കുന്ന നിരവധി സൂചനകള്‍ ആ ശബ്ദസന്ദേശത്തിലുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ അശ്വിന്‍ ബാബുവിന്റെ പരിചയക്കാര്‍ ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

 

21-Aug-2018