പാലക്കാട് : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ പുതിയ വെബ്‌സൈറ്റായ കേരള റെസ്‌ക്യു.ഇന്‍ ആവിഷ്‌കരിച്ചതിനു പിന്നിലെ ബുദ്ധി പാലക്കാട്ടുകാരനായ വിദ്യാര്‍ഥിയുടേത്. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജ് അവസാന വര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ബിശ്വാസാണ് ഇതിന്റെ സൂത്രധാരന്‍. കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ ഐ ത്രിബിള്‍ ഇ എന്ന കമ്മ്യൂണിറ്റിയിലൂടെയാണ് ആശയത്തിനു തുടക്കം.
വാട്‌സ് ആപ് കൂട്ടായ്മയിലെ പത്തുപേരുടെ സഹകരണത്തോടെയാണ് ബിശ്വാസ് പ്രവര്‍ത്തനം തുടങ്ങിയത്. ഷമീല്‍, വിഘ്‌നേഷ് എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ സൈറ്റ് ഡിെസെന്‍ ചെയ്തു. സാമൂഹിക മാധ്യമങ്ങളിലേക്ക് ലിങ്ക് ഷെയര്‍ ചെയ്തതോടെ 10,000 വൊളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനായി ജാങ്കോ എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തിയത്. ആര്‍ക്കും ലിങ്കിലൂടെ സൈറ്റിലെത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കാവുന്ന ഓപ്പണ്‍ സോഴ്‌സ് രീതിയാണ് അവലംബിച്ചത്.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു പോകാന്‍ തയാറുള്ള വൊളണ്ടിയര്‍മാര്‍, മരുന്ന് എത്തിക്കാന്‍ തയാറുള്ളവര്‍ എന്നിവരെ കണ്ടെത്തല്‍ മാത്രമായിരുന്നു ആദ്യം ലക്ഷ്യം. അപ്പോള്‍ മഴക്കെടുതി അത്ര രൂക്ഷമായിരുന്നില്ല. പിന്നീടാണ് വലിയ ദുരന്തത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. സംസ്ഥാന ഐ.ടി. മിഷനും ഇഗവേര്‍ണസ് മിഷനും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വെബ്‌സൈറ്റായി ഇതിനെ ഏറ്റെടുക്കുന്നത് ഈ ഘട്ടത്തിലാണ്. ഇതോടെ സൈറ്റിലേക്ക് കൂടുതല്‍ പേരെത്തി. ഇപ്പോള്‍ 51,000 വൊളണ്ടിയര്‍മാര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സഹായം അഭ്യര്‍ഥിക്കാന്‍, ജില്ലകളിലെ ആവശ്യങ്ങള്‍ അറിയാന്‍, മരുന്നും ഭക്ഷണവും എത്തിക്കാന്‍, വൊളണ്ടിയര്‍ ആകാന്‍, വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാന്‍, ജില്ല തിരിച്ച് ഇതുവരെ വന്ന അഭ്യര്‍ഥനകള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരം നല്‍കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കല്‍ തുടങ്ങിയ വിവരങ്ങള്‍ കേരള റെസ്‌ക്യു.ഇന്നിലൂടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. കണ്ണാടി നിരഞ്ജനയില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.ജി. ബാബുവിന്റെയും തിരുവാലത്തൂര്‍ വി.എച്ച്.എച്ച്എസ്. അധ്യാപിക സുനിതയുടെയും മകനാണ് ബിശ്വാസ്.