ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വന്‍. 228 കോടി രൂപ പിന്നീട് ഇടാക്കുമെന്ന കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ഇപ്പോള്‍ സൗജന്യമാണെങ്കിലും പിന്നീട് കിലോക്ക് 25 രൂപ നിരക്കില്‍ തുക ഈടാക്കുമെന്നും ദുരന്തനിവാരണഫണ്ടില്‍ നിന്നോ ഭക്ഷ്യ ഭദ്രത പദ്ധതികള്‍ പ്രകാരമുള്ള ഫണ്ടില്‍ നിന്നോ തുക ഈടാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കേന്ദ്ര നടപടി ചര്‍ച്ചയായതോടെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. പ്രളയക്കെടുതി നേരിടാന്‍ സൗജന്യ നിരക്കില്‍ 118000 മെട്രിക് ടണ്‍ അരി അനുവദിച്ച് ഇറക്കിയ ഉത്തരവ് സംസ്ഥാനത്തിന് തിരിച്ചടിയായി. 89549 മെട്രിക് ടണ്‍ അരി കേന്ദ്രം അനുവദിച്ചെങ്കിലും സൗജന്യമല്ല എന്നായിരുന്നു ഉത്തരവ്. പണം തിരിച്ചുപിടിക്കരുത് എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തെ സമീപിക്കാനിരിക്കെയാണ് മന്ത്രിയുടെ വിശദീകരണം.