സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി മുഖപ്രസംഗം കേസരി എഡിറ്റര്‍ക്ക് മര്‍ദ്ദനം

എറണാകുളം : ആര്‍ എസ് എസ് മുഖപത്രമായ കേസരിയില്‍, കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവൈര്യം പുലര്‍ത്തുന്നതായി മുഖപ്രസംഗമെഴുതിയ എഡിറ്റര്‍ എന്‍ ആര്‍ മധുവിനെ ആര്‍ എസ് എസ് നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് രഹസ്യ വെളിപ്പെടുത്തല്‍. ''ആര്‍ എസ് എസ് സര്‍സംഘചാലകിന്റെ തീരുമാനത്തിനെതിരെ എഴുതാന്‍ നീ വളര്‍ന്നോടാ...'' എന്നാക്രോശിച്ചുകൊണ്ടാണ് ആര്‍ എസ് എസ് പ്രാന്തപ്രചാരകിന്റെ അടുത്ത അനുയായികള്‍ എന്‍ ആര്‍ മധുവിനെ ആക്രമിച്ചത് എന്നാണ് സൂചനകള്‍. അതേസമയം കേസരി മാസിക പ്രിയ സംഘമിത്രങ്ങളേ നമസ്‌കാരം എന്നുതുടങ്ങുന്ന മധു എഴുതിയ മുഖപ്രസംഗം പിന്‍വലിക്കുകയും മതമല്ല രാഷ്ട്രമാണ് പ്രധാനമെന്ന മറ്റൊരു മുഖപ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്തു. 

കേസരിയുടെ മുഖപ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മര്യാദപൂര്‍വ്വം ഇടപെട്ടെന്നും അത് കേന്ദ്രസര്‍ക്കാര്‍ തിരിച്ച് കാണിച്ചില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ''ഇത്രയും നാളും നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കില്‍ അത് ആത്മ വഞ്ചനയാകും. ഞങ്ങള്‍ നിങ്ങളോടും, കേരളത്തോടും ഞങ്ങളോടു തന്നെയും ചെയുന്ന വഞ്ചന,'' എന്നാണ് ആര്‍ എസ് എസ് പ്രസിദ്ധീകരണത്തില്‍ മുപ്രസംഗമായി എഴുതിയത്. ചെങ്ങന്നൂരിലും ആറന്മുളയിലും നല്ല ഒരു ശതമാനം സംഘപുത്രന്മാര്‍ ഈ ദുരന്തത്തില്‍ പെട്ട് പോയിട്ടുമുണ്ടെന്ന് കേസരി പറയുന്നു. ''അതു നമ്മുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം ധരിപ്പിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അവര്‍ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് ഇപ്പോള്‍. അത് ആശാസ്യമല്ല. കേരളമില്ല എങ്കില്‍ നീയും ഞാനും അടക്കം നമ്മളാരുമില്ല. ഭാരതം എന്ന വികാരത്തോടൊപ്പം തന്നെ ഓരോ സംഘപുത്രനും നെഞ്ചില്‍ ഊറ്റം കൊള്ളേണ്ട ഒരു വികാരമാണ് കേരളം എന്നതും,'' കടുത്ത ഹിന്ദുത്വ വാദിയായ എന്‍ ആര്‍ മധുവിന്റെ വികാരഭരിതമായ എഴുത്താണ് ആര്‍ എസ് എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

''വ്യത്യസ്ത രാഷ്ട്രീയ ചേരികളില്‍ നിന്നു ശത്രുക്കളെ പോലെ നമ്മളെ കണ്ടിരുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണാറായി വിജയന്‍ ഉള്‍പ്പടെ ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പറഞ്ഞത്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ആവിശ്യമായ എല്ലാ സഹകരണങ്ങളും കിട്ടുന്നുണ്ട് എന്ന് ആയിരുന്നു. ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്തു നാം അവര്‍ക്കു തിരിച്ചു നല്‍കേണ്ടതും'' കേസരിയുടെ മുഖപ്രസംഗത്തിലെ ഈ ഭാഗം ആവര്‍ത്തിച്ചുകൊണ്ടാണ് മധുവിനെ ആര്‍ എസ് എസ് ക്രിമിനലുകള്‍ മര്‍ദ്ദിച്ചത്. 

മര്‍ദ്ദനത്തിനിരയായ എന്‍ ആര്‍ മധു ഇപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കേസരി ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ പനി ബാധിച്ച് അവധിയിലാണെന്നാണ് മറുപടി ലഭിക്കുന്നത്. കേസരിയുടെ പത്രാധിപര്‍ സ്ഥാനത്തുനിന്ന് മധുവിനെ മാറ്റുമെന്നാണ് ആര്‍ എസ് എസ് പ്രാന്തപ്രചാരകിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

പ്രിയ സംഘമിത്രങ്ങളെ നമസ്‌കാരം.

വളരെ മാനസിക പ്രയാസം അനുഭവിച്ചു കൊണ്ടാണ് കേസരി പത്രാധിപര്‍ ഇന്ന് ഈ കുറിപ്പ് ഇവിടെ ഇടുന്നത്. ഇത്രയും നാളും നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കില്‍ അത് ആത്മ വഞ്ചനയാകും. ഞങ്ങള്‍ നിങ്ങളോടും,കേരളത്തോടും ഞങ്ങളോടു തന്നെയും ചെയുന്ന വഞ്ചന.

കേരളം ഇന്ന് ഒരു കടുത്ത പ്രകൃതി ദുരന്തത്തിലൂടെ കടന്നു പോവുകയാണെന്ന് നമുക്കേവര്‍ക്കും അറിയാവുന്ന കാര്യമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഓരോ മലയാളികളും തങ്ങളാല്‍ ആകുന്ന വിധം പിറന്ന നാടിനെ സേവിക്കാന്‍ ഉള്ള ആ അവസരം സാംജ്യതമായിരിക്കുന്ന സമയം. അതാണ് നമ്മുടെ കര്‍മ്മവും. പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരം എന്നാണ് ആചാര്യന്മാര്‍ നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നതും. നമുക്കേവര്‍ക്കും അറിയാവുന്നതു പോലെ, പ്രളയത്തിനു, പ്രകൃതിക്കു രാഷ്ട്രീയ വത്യാസങ്ങളില്ല, ചെങ്ങന്നൂരും ആറന്‍മുളയും അടക്കം സംഘപുത്രന്മാര്‍ ഏറെയുള്ള പ്രദേശങ്ങളില്‍ ആണ് പ്രളയം ഏറ്റവും നാശം വിതച്ചിരിക്കുന്നത്. നല്ല ഒരുശതമാനം സംഘപുത്രന്മാര്‍ ഈ ദുരന്തത്തില്‍ പെട്ട്‌പോയിട്ടുമുണ്ട്. അതു നമ്മുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം ധരിപ്പിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി അവര്‍ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് ഇപ്പോള്‍. അത് ആശാശ്യമല്ല. കേരളമില്ല എങ്കില്‍ നീയും ഞാനും അടക്കം നമ്മളാരുമില്ല. ഭാരതം എന്ന വികാരത്തോടൊപ്പം തന്നെ ഓരോ സംഘപുത്രനും നെഞ്ചില്‍ ഊറ്റം കൊള്ളേണ്ടകൊള്ളേണ്ട ഒരു വികാരമാണ് കേരളം എന്നതും. കേരളീയരായി പോയി എന്ന കാരണത്താല്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, കേരളത്തിലെ ദുരിതബാധിതര്‍. രാജ്യത്തെ ബാക്കി ഉള്ള എല്ലാ സംസ്ഥാങ്ങളില്‍ ഉള്ള പൗരന്മാര്‍ക്കും ഉള്ള അതേ അവകാശങ്ങള്‍ നമ്മള്‍ കേരളീയര്‍ക്കുമുണ്ട്.

ദുരന്തങ്ങളെ ദുരന്തങ്ങളായി തന്നേ കണ്ടു അതിനു പരിഹാരക്രിയകള്‍ ചെയേണ്ടതുണ്ട്. അതിനൊരിക്കലും രാഷ്ട്രീയമാനം നല്‍കേണ്ടതില്ല. വ്യത്യസ്ത രാഷ്ട്രീയ ചേരികളില്‍ നിന്നു ശത്രുക്കളെ പോലെ നമ്മളെ കണ്ടിരുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണാറായി വിജയന്‍ ഉള്‍പ്പടെ ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പറഞ്ഞത്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ആവിശ്യമായ എല്ലാ സഹകരണങ്ങളും കിട്ടുന്നുണ്ട് എന്ന് ആയിരുന്നു. ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്തു നാം അവര്‍ക്കു തിരിച്ചു നല്‍കേണ്ടതും. ദുരന്തത്തില്‍ രാഷ്ട്രീയം കളിച്ചാല്‍ നാളെ നമുക്കും ഇതുപോലെ ഒരു ദുരവസ്ഥ ഉണ്ടായികൊള്ളില്ല എന്ന് ആര് കണ്ടു? അതുകൊണ്ടു തന്നെ ഈ ഒരു അവസരത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ വികടനയത്തിനെതിരെ, കേരളത്തിന്റെ രക്ഷയെ കരുതി നാം ഓരോരുത്തരും പ്രതികരിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ നാളെ വരുന്ന തലമുറകളോട് നമുക്കു പറയുവാന്‍ ഉത്തരങ്ങളില്ലാതെ വരും.

 

 



22-Aug-2018