ഉന്നാവോ പീഡനം, മുഖ്യ സാക്ഷി മരിച്ചു.

കാൺപൂർ : ബി ജെ പി എം എൽ എ കുല്‍ദീപ് സിംഗ് സൈഗാർ പ്രതിയായ ഉന്നാവോ പീഡനക്കേസിലെ മുഖ്യ സാക്ഷി യൂനുസ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഉന്നാവോ പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗ് സെംഗാര്‍ പീഡനത്തിനിരയായ പെൺകുട്ടിയെ മർദ്ദിച്ചിരുന്നു, ഇതിനെതിരെ പരാതിപ്പെടാൻ പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ അച്ഛനെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും പിന്നീട് അദ്ദേഹം മരണപ്പെടുകയും ചെയ്തു. പെൺകുട്ടിയുടെ അച്ഛനെ മർദ്ദിക്കുന്നതിന്റെ ഏക സാക്ഷിയായിരുന്നു യൂനുസ്.


കഴിഞ്ഞ ശനിയാഴ്ചമുതൽ ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്ന യൂനുസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു, തുടർന്ന് ലോക്കൽ പോലീസിനെയും സി ബി ഐ യെയും വിവരമറിയിക്കാതെ പോസ്‌റ്റുമോർട്ടം പോലും നടത്താതെ മൃദദേഹം ബന്ധുക്കൾ സംസ്കരിച്ചു. ഇതിനെതിരെ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മാവൻ പരാതിയുമായി വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
യൂനുസിനെ വിഷം കൊടുത്തു കൊന്നതാണെന്നും മൃതദേഹം പുറത്തെടുത്ത്  പോസ്റ്റ് മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ് പി ക്കു അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.

23-Aug-2018