തര്‍ക്കങ്ങളിലേക്ക് കടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍

തിരുവനന്തപുരം : പ്രളയ ബാധിതര്‍ക്ക് ഒരുലക്ഷം രൂപവരെ പലിശരഹിത വായ്പ പ്രഖ്യാപിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍. വീട്ടു സാധനങ്ങൾക്ക്‌ നഷ്‌ടം സംഭവിച്ച പ്രളയബാധിതർക്കാണ് അവ മാറ്റി വാങ്ങാൻ ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്‌പ ലഭ്യമാക്കുന്നത്മെ. സർക്കാരും ബാങ്കുകളുമായി സഹകരിച്ചാകും വായ്‌പ ലഭ്യമാക്കുക. ഇക്കാര്യത്തിൽ ബാങ്കുകളുമായി ചർച്ച നടക്കുന്നതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനുമാണെന്നും അതിൽനിന്ന്‌ ശ്രദ്ധമാറി മറ്റ് തര്‍ക്കങ്ങളിലേക്ക് കടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനേ സഹായിക്കൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നാം ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ട ഒരു ദുരന്തമാണിത്. അത്തരത്തില്‍ ജനങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടത്തി ഏകോപിച്ചുകൊണ്ടുള്ള നമ്മുടെ നീക്കങ്ങളെ ദുര്‍ബ്ബലപ്പെടുത്താതിരിക്കുകയെന്നത് പ്രധാനമാണ്. ഇത് തര്‍ക്കങ്ങളുടെ കാലമല്ല. മറിച്ച്, യോജിപ്പിന്‍റെയും കൂട്ടായ്മയുടെയും സമയമാണ്. അങ്ങനെ നിന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ഘട്ടമാണ്. വിവാദങ്ങളില്‍ അഭിരമിക്കാനല്ല, ജനങ്ങളുടെ പ്രശ്നപരിഹാരങ്ങളിലാണ് സര്‍ക്കാരിന് താല്‍പ്പര്യം‐ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം

കേരളം നേരിട്ട മഹാദുരന്തത്തെ മറികടക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്‍റെ പ്രഥമ പരിഗണന രക്ഷാപ്രവര്‍ത്തനത്തിനായിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നു എന്നതിന്‍റെ തെളിവായിരുന്നു ഇന്നും ഒരാളെയും രക്ഷപ്പെടുത്തേണ്ട സാഹചര്യം ഇല്ലാതിരുന്നത്. 

ഒന്നാം ഘട്ടത്തിനുശേഷം നമുക്ക് ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം ക്യാമ്പുകളുടെ ശരിയായ രീതിയുള്ള നടത്തിപ്പും അവരെ വീടുകളിലെത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കുക എന്നതുമാണ്. ക്യാമ്പുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യക്തമായ പ്ലാനിങ്ങോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സര്‍വ്വകക്ഷി യോഗത്തിനു മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ചില നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുകയുണ്ടായി. അതുകൂടി പരിഗണിച്ചുകൊണ്ടാണ് ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ബഹുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 

ഇത്തരത്തില്‍ രണ്ടാംഘട്ട പ്രവര്‍ത്തനം ഏതുരീതിയില്‍ മുന്നോട്ടുപോകുന്നു എന്ന് മനസ്സിലാക്കാനും എന്തെങ്കിലും പുതുതായുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തേണ്ടതുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും ജനങ്ങള്‍ക്ക് ഇതു സംബന്ധിച്ചുള്ള ആശങ്കകളും പ്രശ്നങ്ങളും അറിയുന്നതിനും വേണ്ടിയാണ് ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന് നിശ്ചയിച്ചത്. ക്യാമ്പുകളില്‍ പൊതുവെ ജനങ്ങള്‍ സംതൃപ്തരാണ് എന്നാണ് മനസ്സിലാക്കാനായത്.

ക്യാമ്പിലെ സ്ഥിതി

ദുരന്തം അനുഭവിച്ചതിന്‍റെ ദൈന്യത ക്യാമ്പ് അംഗങ്ങളില്‍ ദൃശ്യമായിരുന്നു. ചെങ്ങന്നൂരില്‍ എത്തിയപ്പോള്‍ ചില സ്ത്രീകള്‍ പറഞ്ഞത് ക്യാമ്പില്‍ ഭക്ഷണവും താമസവും സുഭിക്ഷമാണെന്നാണ്. ക്യാമ്പില്‍ വച്ചുതന്നെ ഭക്ഷണം പാചകം ചെയ്ത് നല്‍കുന്ന സ്ഥിതിയാണ് പൊതുവില്‍ കണ്ടത്. തിരിച്ച് ചെല്ലുമ്പോള്‍ വീടില്ലെന്ന ദുഃഖം അലട്ടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണെന്ന് അവര്‍ പറയുകയുണ്ടായി.

കോഴഞ്ചേരി ക്യാമ്പിലും വീട്ടിലേക്ക് മടങ്ങുമ്പോഴുള്ള പ്രശ്നങ്ങളാണ് അവതരിപ്പിച്ചുകണ്ടത്. ആലപ്പുഴ ക്യാമ്പില്‍ രേഖകള്‍ നഷ്ടപ്പെട്ടതിന്‍റെ വിഷമങ്ങള്‍ അവര്‍ പങ്കുവയ്ക്കുകയുണ്ടായി. പറവൂര്‍ ക്യാമ്പിലെ ചില പ്രശ്നങ്ങള്‍ അവര്‍ രേഖപ്പെടുത്തി. അതിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചാലക്കുടി ക്യാമ്പില്‍ മഴക്കെടുതിയുടെ ദുരിതങ്ങള്‍ അവര്‍ അവതരിപ്പിക്കുകയുണ്ടായി.

നടത്തിപ്പ് സംബന്ധിച്ച് വലിയ പരാതികളൊന്നും പൊതുവില്‍ ഉയര്‍ന്നുവന്നിരുന്നില്ല.  ജനങ്ങളുടെ പ്രധാനപ്പെട്ട ആശങ്ക വീടുകളില്‍ മടങ്ങിച്ചെല്ലുമ്പോള്‍ താമസസംവിധാനം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. 
വീടുകള്‍ തകര്‍ന്നുപോയവര്‍ക്ക് വലിയ ആശങ്കയാണ് ഉണ്ടായിട്ടുള്ളത്. അത് സ്വാഭാവികമാണുതാനും. സ്വന്തം വാസസ്ഥലം നഷ്ടപ്പെടുക എന്നത് സാമ്പത്തിക പ്രശ്നം മാത്രമല്ല, അതൊരു വൈകാരികമായ പ്രശ്നമായും അനുഭവപ്പെടുന്നുണ്ട്. ഇതാണ് ജനങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി അവര്‍ അവതരിപ്പിച്ചിട്ടുള്ളത്. ക്യാമ്പുകളിലെ അംഗങ്ങളെ അലട്ടുന്ന വലിയ പ്രശ്നം ഇതാണ് എന്നാണ് മനസ്സിലാക്കാനുമായത്. 

ജനങ്ങളുടെ ഈ ആശങ്കകള്‍ പരിഹരിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്ന കാര്യം അവരോട് പറയുകയുണ്ടായി. വീടുകള്‍ വൃത്തിയാക്കുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും ബഹുജനങ്ങളും ചേര്‍ന്ന് ഒരുക്കുന്ന കാര്യവും അവരോട് ഓര്‍മ്മപ്പെടുത്തുകയുണ്ടായി. വീടുകളിലേക്ക് മടങ്ങിപ്പോകുമ്പോള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായുള്ള കിറ്റ് നല്‍കുന്ന കാര്യവും അവരെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. 

അതുകൊണ്ടുമാത്രം പ്രശ്നങ്ങള്‍ തീരില്ലെന്ന കാര്യം വ്യക്തമാണ്. അതുമായി ബന്ധപ്പെട്ട് വിശദമായ ഒരു പദ്ധതി രൂപീകരിക്കുക എന്നതാണ് ചെയ്യേണ്ടത് എന്ന് വ്യക്തമാണ്. ആദ്യഘട്ടത്തില്‍ വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവരവരുടെ വീടുകള്‍ വാസയോഗ്യമാക്കുക എന്നതിനാണ് മുന്‍ഗണന. ഇക്കാര്യം പോലീസും ഫയര്‍ഫോഴ്സും കുടുംബശ്രീ പ്രവര്‍ത്തകരും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ഒക്കെ ചേര്‍ന്ന് നടത്തുന്നുണ്ട്. ആ പ്രവര്‍ത്തനം നല്ല നിലയില്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.

വീടുകള്‍ വൃത്തിയാക്കിക്കഴിഞ്ഞാല്‍ പഴയ തരത്തിലുള്ള ജീവിതം ആരംഭിക്കണമെങ്കില്‍ വീടുകളില്‍ ഉണ്ടായിരുന്ന സാധന സാമഗ്രികള്‍ ഉപയോഗിക്കാനാവണം. പല സാധനസാമഗ്രികളും ഉപയോഗശൂന്യമായിട്ടുണ്ടാവും. അക്കാര്യത്തില്‍ റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്ന സ്ഥിതി പല വസ്തുക്കളുടെ കാര്യത്തിലും ഉണ്ടാകണമെന്നില്ല. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്നത് പ്രധാന പ്രശ്നമായി സാധാരണ ജനങ്ങളെ അലട്ടുന്നുണ്ട്. ഇതിനായൊരു കര്‍മ്മപദ്ധതി ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പുനരധിവാസത്തിനുള്ള കര്‍മ്മപദ്ധതി

കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. ബാങ്കുകളുമായി സഹകരിച്ച് ഇവര്‍ക്ക് വീടുകള്‍ സജ്ജമാക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ കടക്കാന്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിന് ഒരു ലക്ഷം രൂപ വരെ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ വിവിധ വശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. കുടുംബനാഥയ്ക്ക് ഈ തുക ലഭിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നത്. പലിശരഹിത വായ്പ എന്ന നിലയിലാണ് ഇത് ലഭ്യമാക്കുക. ഇതിലൂടെ പഴയ ജീവിത സൗകര്യങ്ങളെങ്കിലും വീടുകളില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

വീടുകള്‍ നഷ്ടപ്പെട്ടുപോയവരുടെ പ്രശ്നം കൂടുതല്‍ ഗൗരവകരമാണ്. നമ്മുടെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് സ്കൂളുകളിലും കോളേജുകളിലുമാണ്. ഓണ അവധി കഴിഞ്ഞ് ഇവ തുറന്നുപ്രവര്‍ത്തിപ്പിക്കേണ്ടതുമുണ്ട്. അതേ അവസരത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചുപോകാനുമാവില്ല. അതുകൊണ്ട്, അവര്‍ക്ക് അവരുടെ വീട് സജ്ജമാകുന്നതുവരെ താല്‍ക്കാലിക താമസസൗകര്യം ഏര്‍പ്പെടുത്തേണ്ടിവരും. കല്ല്യാണമണ്ഡപങ്ങള്‍ അതുപോലുള്ള മറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കണം. അതോടൊപ്പം, അവര്‍ക്ക് വീട് ഉറപ്പുവരുത്തുന്നതിനുള്ള പരിപാടികളും സമാന്തരമായി നടത്തണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പുനര്‍നിര്‍മ്മാണത്തിനുള്ള ഇടപെടല്‍

പുനരധിവാസം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് അവ നടത്താന്‍ കഴിയുക. ഇല്ലെങ്കില്‍ ഇത്തരം ദുരിതങ്ങളില്‍ വീണ്ടും അവര്‍ പെട്ടുപോകാനിടയുണ്ട്. അതനുസരിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. 

പ്രകൃതിക്ഷോഭത്തില്‍ സ്ഥിരമായി വിധേയമാകുന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍, കടല്‍ക്ഷോഭമുണ്ടാകുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ആള്‍ക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിക്കേണ്ടിവരും. അങ്ങനെ പുനരധിവസിപ്പിക്കേണ്ടിവരുമ്പോള്‍ആവശ്യമായ ഭൂമി ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത് പരിഹരിക്കുന്നതിന് ഫ്ളാറ്റ് പോലുള്ള സംവിധാനങ്ങളെക്കുറിച്ചും ആലോചിക്കേണ്ടിവന്നേക്കാം. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിവരും. എന്തായാലും പൊതുവായ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താനാവുക.

ജനങ്ങള്‍ വീടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു

ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് ജനങ്ങള്‍ വീടുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്. ഇന്നലെ മൂവായിരത്തി മുന്നൂറ്റി പതിനാല് (3314) ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. ഇന്നത് രണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തിനാലായി (2774) കുറഞ്ഞിരിക്കുന്നു.

മൂന്നുലക്ഷത്തി ഇരുപത്തിയേഴായിരത്തി ഇരുന്നൂറ്റി എണ്‍പത് (3,27,280) കുടുംബങ്ങളായിരുന്നു ഇന്നലെ ക്യാമ്പിലുണ്ടായിരുന്നത്. ഇന്നത് രണ്ടുലക്ഷത്തി എഴുപത്തിയെട്ടായിരത്തി എഴുന്നൂറ്റി എണ്‍പത്തിയൊന്ന് (2,78,781) ആയി കുറഞ്ഞിട്ടുണ്ട്.

ഇന്നലെ ക്യാമ്പില്‍ മൊത്തമുണ്ടായിരുന്നത് പന്ത്രണ്ടുലക്ഷത്തി പത്തായിരത്തി നാന്നൂറ്റി അമ്പത്തിമൂന്ന് (12,10,453) പേരായിരുന്നു. ഇന്ന് അത് പത്തുലക്ഷത്തി നാല്‍പ്പതിനായിരത്തി അറുന്നൂറ്റി എണ്‍പട്ടിയെട്ട് (10,40,688) ആയി ചുരുങ്ങിയിട്ടുണ്ട്. ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് തിരിച്ചെത്തുക എന്ന പ്രക്രിയ സംസ്ഥാനത്ത് ശക്തിപ്പെട്ടുവരികയാണ് എന്നാണ് ഇത് കാണിക്കുന്നത്. നമ്മുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.

ഇതിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. പ്രവര്‍ത്തനം നിലച്ച 50 സബ്സ്റ്റേഷനുകളില്‍ 41 എണ്ണം പുനഃസ്ഥാപിച്ചുകഴിഞ്ഞു. 16,158 ട്രാന്‍സ്ഫോര്‍മറുകളാണ് പ്രവര്‍ത്തനരഹിതമായത്. അതില്‍, 13,477 എണ്ണം ചാര്‍ജ്ജ് ചെയ്തുകഴിഞ്ഞു. 25.60 ലക്ഷം സര്‍വ്വീസ് കണക്ഷനുകളാണ് തകരാറിലായത്. അതില്‍ 21.61 ലക്ഷം കണക്ഷനുകള്‍ പുനഃസ്ഥാപിച്ചുകഴിഞ്ഞു.

ഇതിനകം 60,593 വീടുകള്‍ വൃത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. 37,626 കിണറുകള്‍ ശുചിയാക്കി. 62,475 മീറ്റര്‍ ദൂരത്തിലെ ഓടകളും വൃത്തിയാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട വെല്ലുവിളിയായി നിലനില്‍ക്കുന്ന ഒന്ന് മരണപ്പെട്ട കന്നുകാലികളുടെയും മൃഗങ്ങളുടെയും സംസ്കരണമാണ്. അത് സേനകളുടെ അടക്കം സഹായം ഉപയോഗിച്ച് ചെയ്തുവരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗവും വീടുകളുടെ സുരക്ഷാപരിശോധന ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

സഹായങ്ങള്‍ ലഭിക്കുന്നു

കേരളം നേരിടുന്ന ഈ മഹാദുരന്തം പരിഹരിക്കുന്നതിനുള്ള ശക്തമായ നടപടികളിലാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. പൊതുവില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും സഹായങ്ങള്‍ പുനരധിവാസ പ്രവര്‍ത്തനത്തിന് ലഭിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.

എല്ലാ മേഖലയില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകുന്നു എന്നത് ഇതിന്‍റെ ലക്ഷണമാണ്. ഓഫീസിനകത്തുതന്നെ ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവര്‍ അവരുടെ ഓരോരുത്തരുടെയും ശേഷിക്കനുസരിച്ച് സാമ്പത്തിക സഹായം നല്‍കുന്നതിനായി പ്രവഹിക്കുകയാണ്. ക്യാമ്പുകളില്‍ ഉല്‍പ്പന്നങ്ങളും മറ്റ് സാമഗ്രികളുമായി ജനങ്ങളും സന്നദ്ധ സംഘടനകളും എത്തിക്കൊണ്ടിരിക്കുകയാണ്. സഹോദരസ്നേഹത്തിന്‍റെ മാതൃകകളായി വളണ്ടിയര്‍മാരും വന്നുകൊണ്ടിരിക്കുന്നു; ദുരന്തത്തില്‍നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള കരുത്തുമായി.

ജുഡീഷ്യറിയില്‍നിന്നും സഹായം ലഭ്യമായിക്കൊണ്ടിരിക്കുന്നു. സുപ്രീംകോടതിയിലെ ജഡ്ജിമാരും വക്കീലډാരും കേരള ഹൈക്കോടതിയിലെ ജഡ്ജിമാരും ജീവനക്കാരും വക്കീലൻമാരുമെല്ലാം ചേര്‍ന്ന് സഹായങ്ങള്‍ നല്‍കിക്കഴിഞ്ഞു. പഞ്ചാബ് ഹൈക്കോടതിയും സഹായങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് പ്രളയ ദുരന്തത്തില്‍പ്പെട്ട ജനതയുടെ കണ്ണീരൊപ്പാന്‍ ഒന്നിക്കുകയാണ്. ഈ സഹായങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. രാഷ്ട്രീയമായ യോജിപ്പ് ഇതിന് പ്രധാനപ്പെട്ട ഘടകമായി മാറേണ്ടതുണ്ട്. 

നാം യോജിച്ചുനില്‍ക്കേണ്ട ഘട്ടം

നമ്മുടെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കേണ്ടത് ഇപ്പോള്‍ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ശ്രദ്ധ മാറി മറ്റ് തര്‍ക്കങ്ങളിലേക്ക് കടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനേ സഹായിക്കൂ. നാം ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ട ഒരു ദുരന്തമാണിത്. അത്തരത്തില്‍ ജനങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടത്തി ഏകോപിച്ചുകൊണ്ടുള്ള നമ്മുടെ നീക്കങ്ങളെ ദുര്‍ബ്ബലപ്പെടുത്താതിരിക്കുക എന്നത് പ്രധാനമാണ്. ആ നിലയില്‍ മുന്നോട്ടുപോകണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. 

പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാരിന് താല്‍പ്പര്യം

ജനങ്ങളാണ് വലുത്; ജനങ്ങളുടെ പ്രശ്നങ്ങളുമാണ് വലുത്. അവ പരിഹരിക്കാനുള്ള ഇടപെടലാണ് രാഷ്ട്രീയപാര്‍ടികളില്‍നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അത്തരമൊരു യോജിപ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്. അതാണ് നമ്മുടെ അതിജീവനത്തിന്‍റെ മാര്‍ഗം. അത് ദുര്‍ബലപ്പെടുത്താനുള്ള ഒരു ശ്രമത്തിനും നമുക്ക് വഴങ്ങിക്കൂടാ. ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ നമുക്ക് മുന്നോട്ടുപോകാം. ഇത് തര്‍ക്കങ്ങളുടെ കാലമല്ല. മറിച്ച്, യോജിപ്പിന്‍റെയും കൂട്ടായ്മയുടെയും സമയമാണ്. അങ്ങനെ നിന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ഘട്ടമാണ്. വിവാദങ്ങളില്‍ അഭിരമിക്കാനല്ല, ജനങ്ങളുടെ പ്രശ്നപരിഹാരങ്ങളിലാണ് സര്‍ക്കാരിന് താല്‍പ്പര്യം.

 

23-Aug-2018