യു എ ഇ വാഗ്ദാനം ചെയ്ത സഹായത്തില്‍ അവ്യക്തതയില്ല : മുഖ്യമന്ത്രി

ന്യൂഡല്‍ഹി : പ്രളയക്കെടുതിയില്‍ കേരളത്തിന് പണം നല്‍കാമെന്ന് യു എ ഇ അറിയിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ എത്ര കോടിയാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് കേനദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അതേ സമയം ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യു എ ഇ വാഗ്ദാനം ചെയ്ത സഹായത്തില്‍ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ പ്രമുഖ പ്രവാസി വ്യവസായിയായ യൂസഫലിയോട് ഷേക്ക് ആണ് തുകയെ പറ്റി പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ അക്കാര്യം പറഞ്ഞതേയുള്ളു എന്നും തുക വാങ്ങിക്കേണ്ടത് രാജ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ രാജ്യങ്ങള്‍ കേരളത്തിലെ ദുരന്തത്തിന് കൈത്താങ്ങാവാന്‍ സഹായ വാഗ്ദാനം പണമായും മറ്റും പ്രഖ്യാപിച്ചുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോഡി നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തത് യു എ ഇ ഭരണാധികാരിക്ക് മാത്രമാണ്. 'ഗ്രേഷ്യസ് ഓഫര്‍' എന്നാണ് പ്രധാനമന്ത്രി ആ സഹായത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആ സൂചനയില്‍ യു എ ഇ ഭരണാധികാരി പ്രധാനമന്ത്രിയോട് തുക വിവരം പറയാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. പക്ഷെ, അത് രേഖാമൂലമുള്ള വാഗ്ദാനമല്ലാത്തതിനാല്‍ ഔദ്യോഗികമാവുന്നില്ല എന്ന സാങ്കേതികത്വത്തിന്റെ മേലാണ് കേന്ദ്രസര്‍ക്കാര്‍ സഹായ തുകയെ പറ്റി വ്യക്തമാക്കാതെ നില്‍ക്കുന്നത്.

തങ്ങള്‍ സഹായത്തെ പറ്റി അനൗപചാരികമായി പറഞ്ഞിട്ടും അനുകൂലമായി പ്രതികരിക്കാതിരിക്കുകയും ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും യു എ ഇയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള ഹേറ്റ് ക്യാമ്പയിന്‍ ആര്‍ എസ് എസ് - ബി ജെ പി അനുയായികള്‍ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ധനസഹായമെന്നതില്‍ നിന്നും മാറി ഒരു എമര്‍ജന്‍സി കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യു എ ഇ നിര്‍ബന്ധിതമായതെന്നാണ് സൂചനകള്‍.     

വിദേശ സഹായം സ്വീകരിക്കാന്‍ സര്‍ക്കാരിന് നയമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചതും അത് വിവാദമായി മാറുകയും ചെയ്തതോടെ കേരളത്തിന് ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യു എ ഇ അംബാസഡര# പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി യു എ ഇ നാഷണല്‍ എമര്‍ജന്‍സി കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കമ്മറ്റി ഔദ്യോഗികമായി കേരളത്തിന് എത്ര തുക നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലായെന്നും യു എ ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തമും ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രളയ ദുരിതം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്കായി സഹായ സാമഗ്രികള്‍, മരുന്നുകള്‍, ഫണ്ടുകള്‍, എന്നിവ ശേഖരിക്കുകയെന്നതാണ് കമ്മറ്റിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം മറ്റ് വിദേശ രാജ്യങ്ങളുടെ എംബസികളുമായി അനൗദ്യോഗികമായി ബന്ധപ്പെട്ടുകൊണ്ട് രാജ്യം വിദേശ സാമ്പത്തിക സഹായം സ്വീകരിക്കില്ലെന്നും അതിനാല്‍ സഹായങ്ങള്‍ പ്രഖ്യാപിക്കരുതെന്നും അറിയിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍. തീര്‍ത്തും അനൗദ്യോഗികമായി എംബസിയില്‍ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേനദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുമ്പോഴാണ് കേരളത്തിന് സഹായം ലഭിക്കരുതെന്ന നിലപാട് കേന്ദ്രം വെച്ചുപുലര്‍ത്തുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നത്.  

24-Aug-2018