പ്രളയക്കെടുതിയില്‍ മുങ്ങിയ കേരള ജനതയെ കേന്ദ്രസര്‍ക്കാര്‍ ഞെക്കിക്കൊല്ലരുത് : കോടിയേരി
അഡ്മിൻ
തിരുവനന്തപുരം : പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തിന് സൗജന്യ അരി തരാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.1.18 ലക്ഷം മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്നായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിവേദനവും നല്കി. എന്നാല്‍, 89.540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. ഈ അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം സംസ്ഥാനം 223 കോടിയിലേറെ രൂപ നല്‍കേണ്ടിവരും. സാധാരണ മൂന്ന് രൂപ നിരക്കിലാണ് സംസ്ഥാനത്തിന് സബ്സിഡി അരി കേന്ദ്രം നല്‍കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 5 കിലോ അരിയടക്കം 22 അവശ്യസാധനങ്ങള്‍ ഉള്‍പ്പെട്ട സൗജന്യ കിറ്റ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ എഫ്സിഐ ഗോഡൗണിലും സിവില്‍ സപ്ലൈസ് വകുപ്പിന്റേതടക്കം വലിയ തോതില്‍ അരിശേഖരം നശിച്ചിരുന്നു. ഇതു കൂടി പരിഗണിച്ച് സൗജന്യമായി അരി നല്‍കണമെന്ന ആവശ്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടുമില്ല.
പ്രളയക്കെടുതിയില്‍ മുങ്ങിയ കേരള ജനതയെ ഞെക്കിക്കൊല്ലുന്ന സമീപനമാണിത്. ഇത് തിരുത്താന്‍ കേന്ദ്രം തയ്യാറാകണം. യുഎഇ പ്രഖ്യാപിച്ച ധനസഹായം തിരസ്ക്കരിച്ചതും, സൗജന്യ അരി നിഷേധിച്ചതും കേരള ജനതയോട് കാട്ടുന്ന ക്രൂരതയാണ്. സംസ്ഥാനം 2000 കോടിയുടെ അടിയന്തിര സഹായം ചോദിച്ചിട്ട് വെറും 500 കോടിയാണ് അനുവദിച്ചത്. കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും പ്രളയത്തിന്റെ രൂക്ഷത ബോധ്യപ്പെട്ടതാണ്.
എന്നിട്ടും ഇത്തരം നിലപാട് സ്വീകരിക്കുന്നത് അത്യന്തം ദുഃഖകരമാണെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.