ആര് എസ് എസ് മുസ്ലീം ബ്രദര്‍ഹുഡിന് സമമാണെന്ന് രാഹുല്‍ഗാന്ധി
അഡ്മിൻ
ന്യൂഡല്‍ഹി : ഭീകരസംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിന് സമമാണ് ആര് എസ് എസ് എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബി ജെ പി രംഗത്ത്.
ലണ്ടനിലെ ഇന്ത്യന്‍ കൂട്ടായ്മയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ഗാന്ധി ആര് എസ് എസിനെ കടന്നാക്രമിച്ചത്. രാജ്യത്തെ സ്ഥാപനങ്ങളെ മുഴുവനായി പിടിച്ചടക്കാനാണ് ആര് എസ് എസ് ശ്രമിക്കുന്നത്. നമ്മുടെ രീതികള്‍ തന്നെ അവര്‍ മാറ്റുന്നു. മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങളില്‍ മാത്രമാണ് ഈ രീതികള്‍ ഉണ്ടായിരുന്നത്. ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ആര് എസ് എസ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് സംഘര്‍ഷവും വിഭാഗിയതയും വിദ്വേഷവും സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിനാല്‍ രാജ്യത്തെ ഒരുമിച്ച് മുന്നോട്ട് നയിക്കുകയെന്നതാണ് നമ്മുടെ കടമയും സംസ്കാരവുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുലിന്റേത് പക്വതയും വിവേകവുമില്ലാത്ത പരാമര്‍ശമാണെന്ന് ബി ജെ പി വക്താവ് സമ്പിത് പാത്ര പറഞ്ഞു. പ്രധാനമന്ത്രിയോടും ആര് എസ് എസിനോടുമുള്ള വിദ്വേഷം കൊണ്ടാണ് രാഹുല്‍ ഇത്തരത്തില്‍ സംസാരിക്കുന്നത്. അനേകം രാജ്യങ്ങള്‍ തീവ്രസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒന്നാണ് മുസ്ലീം ബ്രദര്‍ഹുഡ്. ഇത്തരം ഒരു സംഘടനയോട് ആര് എസ് എസിനെ താരതമ്യപ്പെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.