അതിജീവനത്തെ തിരുവോണമാക്കി മലയാളികള്‍

തിരുവനന്തപുരം : മഹാപ്രളയം ദുരന്തം വിതച്ച കേരളക്കരയ്ക്ക് ഇന്ന് തിരുവോണമാണ്. പ്രളയം വിതച്ച ദുരന്തം കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ ആഘോഷങ്ങളും ആര്‍പ്പുവിളികളുമില്ലാതെയാണ് ഓണം കടന്നു പോകുന്നത്. ഇപ്പോഴും സ്വന്തം വീട്ടില്‍ എത്താനാകാതെ ദുരാതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് നിരവധി പേരാണ്. ഇവര്‍ക്കൊപ്പമായിരിക്കും ഇത്തവണ കേരളത്തിന്റെ ഓണം.

കലിതുള്ളിയിറങ്ങിയ കാലവര്‍ഷത്തില്‍ കുത്തിയൊലിച്ച് പോയത് മലയാളികളുടെ ഓണം മാത്രമല്ല ഒരു ജീവിതം മുഴുവനെടുത്ത് കെട്ടിപ്പെടുത്ത സമ്പാദ്യങ്ങളും കൂടിയായിരുന്നു. പൂക്കളം വിരിയേണ്ട മിക്ക മുറ്റങ്ങളിലും  വെള്ളക്കെട്ടൊഴിഞ്ഞിട്ടില്ല. പ്രളയം ദുരന്തം വിതച്ചതോടെ ഓണാഘോഷം വേണ്ടെന്ന തീരുമാനത്തിലാണ് മലയാളികള്‍. സര്‍ക്കാരും ഓണാഘോഷം ഉപേക്ഷിച്ചു. എല്ലാം കൊണ്ടും വിസ്മയം വാരി വിതറിയിരുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഉപേക്ഷിച്ചു. ചടങ്ങുകളില്‍ മാത്രം ഒതുക്കാനായിരുന്നു തീരുമാനം.

മഹാപ്രളയത്തില്‍ കഴിയുന്ന സഹോദരങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ എങ്ങനെ ബാക്കിയുള്ളവര്‍ക്ക് ആഘോഷിക്കാനാകും എന്നാണ് സുമനസുകളായ മലയാളികള്‍ പരസ്പരം ചോദിക്കുന്നത്.

പുലികളിയില്‍ തുള്ളുന്ന തൃശൂരില്ലാതെ മലയാളികള്‍ക്ക് ഒരോണം ഇല്ല, ഇന്നാല്‍ ഇക്കുറി തൃശൂരില്‍ പുലിയിറങ്ങില്ല. ഇക്കുറി പുലികളി ഉണ്ടായിരിക്കില്ലെന്ന് പുലികളി സംഘങ്ങള്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടേതുമാണ് ഓണം എന്നാണ് പറയുന്നത്. എന്നാല്‍ ഇക്കുറി ഓണത്തിന് മലയാളികള്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. ക്യാമ്പുകളില്‍ അതിജീവനമാണ് ഇപ്പോള്‍ മലയാളികള്‍ക്ക്. ക്യാമ്പുകളില്‍ ജാതിമത ഭേതമന്യേ ഓണം ആഘോഷിക്കുകയാണ് മലയാളി.

യാതൊരു വേര്‍തിരിവും ക്യാമ്പുകളില്‍ ഇല്ല, ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന മലയാളികളാണ് ക്യാമ്പുകളില്‍. വേദനകളില്‍ നിന്നും അവരും ആഘോഷിക്കുകയാണ് ഓണം. തങ്ങള്‍ അതിജീവിക്കും എന്ന് ഉറപ്പിച്ച് തന്നെയാണ് ദുരിതത്തില്‍പ്പെട്ട ഓരോരുത്തരും. ഇവര്‍ക്കൊപ്പം ബാക്കിയുള്ളവരും ഉണ്ടാകും, അതു തന്നെയാണ് മലയാളികളുടെ തീരുമാനം. ആ മലയാളബോധം ഒരു കേരളമോഡലായി ലോകം വീക്ഷിക്കുകയാണ്. വാമനന്‍ പാതാളത്തോളം ചവിട്ടി താഴ്ത്തിയിട്ടും അതിജീവനത്തിന്റെ ഗാഥയായി തിരികെയെത്തുന്ന സന്ദേശമാണ് ഓണം പങ്കുവെക്കുന്നത്. മഹാബലിയുടെ മക്കള്‍ ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. വാമനന്‍മാര്‍ വീണുകിടക്കുന്ന മലയാളികളെ ചവിട്ടിതാഴ്ത്താന്‍ ഒരുങ്ങി നില്‍ക്കുന്നത് മലയാളികള്‍ തിരിച്ചറിയുന്നുമുണ്ട്.

25-Aug-2018