മുൻ കോൺഗ്രസ് നേതാവ് രാധിക ഖേര ബിജെപിയിൽ ചേർന്നു.ബിജെപിയുടെ ഡൽഹിയിലെ ആസ്ഥാനത്തെത്തിയാണ് രാധിക പാർട്ടി അംഗത്വം സ്വീകരിച്ചത്. രാധികയ്ക്ക് പുറമെ നടൻശേഖർ സുമനും പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് വിനോദ് താവഡെയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇരുവരുടെയും പാർട്ടി പ്രവേശനം.
ഇന്നത്തെ കോൺഗ്രസ് മഹാത്മാഗാന്ധിയുടെ കോൺഗ്രസല്ല, അത് രാമവിരുദ്ധവും ഹിന്ദു വിരുദ്ധവുമാണ് എന്നാണ് രാധിക ആദ്യമായി പ്രതികരിച്ചത്.'രാമഭക്തയായതിൻ്റെ പേരിലും രാമലല്ലയെ ദർശിച്ചതിൻ്റെ പേരിലും കൗശല്യ മാതാവിൻ്റെ നാട്ടിൽ വച്ച് എന്നോട് മോശമായി പെരുമാറി. ബിജെപി സർക്കാരിൻ്റെ സംരക്ഷണം ലഭിച്ചില്ലെങ്കിൽ എനിക്ക് ഇവിടെ എത്താൻ കഴിയുമായിരുന്നില്ല.' രാധിക പറഞ്ഞു.
ഇത്തരമൊരു മാറ്റം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും വളരെ പോസിറ്റീവ് ചിന്താഗതിയോടെയാണ് താൻ ബിജെപിയിലേക്ക് വന്നത് എന്നും ശേഖർ സുമൻ പ്രതികരിച്ചു. ഛത്തീസ്ഗഡിൽ നിന്നുള്ള പാർട്ടി നേതാക്കൾ തന്നോട് മോശമായി പെരുമാറിയെന്നും ഒരു മുറിയിൽ പൂട്ടിയിട്ടെന്നും കോൺഗ്രസ് വിട്ട രാധിക ഖേര അടുത്തിടെ ആരോപിച്ചിരുന്നു.
തനിക്കെതിരായ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) വക്താവായിരുന്ന ഖേര കോൺഗ്രസിൽ നിന്ന് രാജിവച്ചത്.