തൃശ്ശൂര്‍ മേയര്‍ സ്ഥാനം പണം വാങ്ങി വിറ്റെന്ന ആരോപണത്തില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ് നേതൃത്വം
അഡ്മിൻ
യു ഡി എഫിന് അധികാരം ലഭിച്ച തൃശ്ശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലെ മേയര്‍ സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം ഉജ്വലവിജയത്തിന്റെ ശോഭകെടുത്തുന്നതായിരുന്നുവെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും നാല് മാസങ്ങള്‍ക്കിടയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
കൊച്ചി കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ യു ഡി എഫ് വിമതന്മാരാല്‍ യു ഡി എഫിന് ഭരണം നഷ്ടപ്പെട്ടതാണ്. ഇത്തവണ ഭരണം തിരിച്ചു പിടിക്കാനുള്ള വ്യക്തമായ നീക്കമാണ് ഡി സി സി നേതൃത്വം നടത്തിയിരുന്നത്. വ്യക്തമായ ആസൂത്രണത്തിലൂടെയും പ്രചാരണത്തിലൂടെയും കോര്‍പ്പറേഷനില്‍ വ്യക്തമായ വിജയം നേടാന്‍ കഴിഞ്ഞു.
എന്നാല്‍ മേയര്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പുതന്നെ ഓരോ ഗ്രൂപ്പുകാരും സ്വന്തം നിലയില്‍ മേയറെ പ്രഖ്യാപിച്ചു, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചു. മാധ്യമങ്ങളില്‍ മേയര്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ചിലര്‍ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തി. എന്നാല്‍ പാര്‍ട്ടി നേതൃത്വം മേയര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ പ്രതിഷേധം കടുത്തു. സ്ഥാനം ലഭിക്കാത്തവര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പരാതി പരിഭവം, മാധ്യമങ്ങള്‍ക്കു മുന്നില്‍ ആരോപണം ഉന്നയിക്കല്‍ എന്നിവ അരങ്ങേറുകയാണ്.
കൊച്ചി കോര്‍പ്പറേഷനില്‍ കെ പി സി സി ജന.സെക്രട്ടറിയായ ദീപ്തി മേരിവര്ഗീസാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. വി കെ മിനിമോളെ ആദ്യപകുതിയില്‍ മേയറായി പരിഗണിക്കാന്‍ തീരുമാനിച്ചെന്ന വിവരം പുറത്തുവന്നപ്പോള്‍ തന്നെ ദീപ്തി പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന് തൊട്ടുപിന്നാലെ തൃശ്ശൂരിലും കലാപത്തിന് തിരികൊളുത്തി. ദീപ്തി പ്രതിഷേധം കടുപ്പിച്ചു, കെ പി സി സി നേതൃത്വത്തിന് പരാതി നല്കി. ദീപ്തിയെ തഴഞ്ഞതിന് പിന്നില്‍ സാമുദായിക സമ്മര്ദ്ധമാണെന്നായിരുന്നു ആരോപണം.