ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നാല് സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് ഇന്ന് ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ വിലയിരുത്തല്‍. രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നും വിലയിരുത്തലുണ്ടായി. തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

അതേസമയം ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിന്ന് കൃഷ്ണദാസ് പക്ഷം വിട്ടുനിന്നു. പികെ കൃഷ്ണദാസ്, എംടിരമേശ്, എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്. കൃഷ്ണദാസ് പക്ഷത്തുള്ള സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ ആരോപണങ്ങളെ ഔദ്യോഗിക പക്ഷം പ്രതിരോധിച്ചില്ലെന്നും ആരോപണം ഉയര്‍ന്നു.

ശോഭ സുരേന്ദ്രന്റെ സ്ത്രീത്വത്തെ അപമാനിച്ചവരെ പോലും ഔദ്യോഗിക പക്ഷം പ്രോത്സാഹിപ്പിച്ചുവെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു. മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രധാന നേതാവ് സികെ പത്മനാഭനും യോഗത്തില്‍ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ നീക്കാന്‍ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടേക്കും.

07-May-2024