ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് ജെജെപി പിന്തുണ

ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്ത് ജെജെപി. മുന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിലെ മുന്‍ സഖ്യകക്ഷിയായിരുന്ന ജെപിപി നിലപാട് വ്യക്തമാക്കിയത്. ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്യാല പ്രതികരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഹരിയാനയിലെ സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയാല്‍ അതിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയോട് എനിക്ക് പറയാനുള്ളത്. ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഏതെങ്കിലും വിധത്തില്‍ നീക്കം നടത്തുമോയെന്ന് ചിന്തിക്കേണ്ടത് കോണ്‍ഗ്രസാണ്.' ദുഷ്യന്ത് ചൗട്യാല പറഞ്ഞു.

ഇനി ജെജെപി പിന്തുണ ബിജെപിക്ക് ലഭിക്കില്ലെന്നും മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഒന്നുകില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയോ അല്ലെങ്കില്‍ രാജി വെക്കുകയോ ചെയ്യണമെന്നും ചൗട്യാല ആവര്‍ത്തിച്ചു.

അതേസമയം ഹരിയാന സര്‍ക്കാര്‍ പ്രതിസന്ധിയില്‍ അല്ലെന്നും ശക്തരാണെന്നും മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രതികരിച്ചു. ചില വ്യക്തികളുടെ ആഗ്രഹസാഫല്യത്തിനായി മാത്രമാണ് നിലവിലെ നീക്കങ്ങളെന്നും കോണ്‍ഗ്രസിന്റെ പദ്ധതികള്‍ വിജയിക്കാന്‍ ഹരിയാനയിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

08-May-2024