എയർ ഇന്ത്യ; സമരം നടത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടി

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം നടത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടിയുമായി കമ്പനി. സമരം ചെയ്ത ക്യാബിന്‍ ക്രൂ ജീവനക്കാരില്‍ ചിലരെ പിരിച്ചുവിട്ടു. ഫ്‌ലൈറ്റ് സര്‍വീസുകളെ ബാധിക്കണമെന്ന പൊതു ഉദ്ദേശത്തോടെ അവധി എടുത്തു. നടപടി പൊതുജനങ്ങളെയും കമ്പനിയുടെ സത്‌പേരിനെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. അടിയന്തരമായി പിരിച്ചുവിടുന്നുവെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

ജീവനക്കാര്‍ കൂട്ടത്തോടെ സിക്ക് ലീവെടുത്തതോടെ ഷെഡ്യൂള്‍ ചെയ്ത വിമാനയാത്രയെ ബാധിച്ചു. ജോലിയില്‍ നിന്ന് ഒരുവിഭാഗം ജീവനക്കാര്‍ വിട്ടുനിന്നതിന് പിന്നില്‍ ന്യായമായ കാരണങ്ങളൊന്നുമില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഫലമായി ധാരാളം വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നു. അതുവഴി മുഴുവന്‍ ഷെഡ്യൂളും തടസ്സപ്പെട്ടു, ഇത് യാത്രക്കാര്‍ക്ക് വളരെയധികം അസൗകര്യമുണ്ടാക്കി.

ഈ പ്രവൃത്തിയുടെ ഭാഗമായി പൊതുതാല്‍പ്പര്യത്തെ അട്ടിമറിക്കുക മാത്രമല്ല, കമ്പനിക്ക് നാണക്കേടുണ്ടാക്കിയെന്നും പ്രശസ്തിയെ ബാധിക്കുകയും പണനഷ്ടം ഉണ്ടാക്കിയതായും കമ്പനി വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ബാധകമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂളുകളും ലംഘിക്കുന്നതാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് പ്രതിസന്ധിയിലായത്.

200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.

പ്രശ്‌ന പരിഹാരത്തിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് കമ്പനി സിഇഒ ആലോക് സിംഗ് ക്യാബിന്‍ ക്രൂവുമായി ഇന്ന് ഗുഡ്ഗാവില്‍ ചര്‍ച്ച നടത്തും. മെയ് 13 വരെ പ്രതിസന്ധി തുടര്‍ന്നേക്കും. ഓരോ ദിവസത്തെയും 40 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ 91 ഫ്‌ലൈറ്റുകളാണ് റദ്ദാക്കിയത്, 102 സര്‍വീസുകളാണ് വൈകിയത്.

09-May-2024