ഇന്ത്യയുടെ ആദ്യ മുസ്ലീം പ്രധാനമന്ത്രി ഹിജാബ് ധരിച്ച ഒരു വനിതയായിരിക്കും: അസാദുദ്ദീന്‍ ഒവൈസി

ഇന്ത്യയുടെ ആദ്യത്തെ മുസ്ലീം പ്രധാനമന്ത്രി ഹിജാബ് ധരിച്ച ഒരു വനിതയായിരിക്കുമെന്ന് പ്രവചിച്ച് എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി. അള്ളാഹുവിന്റെ കാരുണ്യത്താല്‍ അത് സംഭവിക്കുമെന്നും ഒവൈസി പറഞ്ഞു. 'ഇന്‍ഷാ അല്ലാഹ്, അത് ഹിജാബ് ധരിച്ച് ഈ മഹത്തായ രാഷ്ട്രത്തെ നയിക്കുന്ന ഒരു സ്ത്രീയുടെ രൂപത്തിലായിരിക്കും. സമയം വരും. ആ ദിവസം കാണാന്‍ ഞാന്‍ ജീവിച്ചിരിക്കില്ലായിരിക്കാം, പക്ഷേ അത് സംഭവിക്കും ഇന്‍ഷാ അല്ലാഹ്,' ഒവൈസി പറഞ്ഞു.

മുസ്ലീങ്ങളോടുള്ള വെറുപ്പാണ് യഥാര്‍ത്ഥ ഹിന്ദുത്വ പ്രത്യയശാസ്ത്രമെന്നും മോദി അതാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഒവൈസി ആരോപിച്ചു. 2002 മുതല്‍ മോദി ഇത് സ്ഥിരമായി പറയുന്നു. 'വിഷം ചീറ്റുക, ഭിന്നിപ്പുണ്ടാക്കുക, മുസ്ലിംകളെ കുറിച്ച് സംശയം സൃഷ്ടിക്കുക... മുസ്ലീം സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്നു എന്ന് പറയുക. ജി 20, ചന്ദ്രയാന്‍, 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥ, സ്ഥിരം സുരക്ഷാ കൗണ്‍സില്‍ സീറ്റ്, വിശ്വഗുരു, വികസിത് ഭാരത് ... എന്നിങ്ങനെ സ്വന്തം അജണ്ടകളെല്ലാം അദ്ദേഹം മറന്നുപോയി. അവര്‍ ആരംഭിച്ച അജണ്ടയിലേക്ക് അവര്‍ തിരിച്ചെത്തി, അത് ഭാവിയിലും തുടരും,' ഒവൈസി കുറ്റപ്പെടുത്തി.

75 വയസായ ശേഷം മോദി വിരമിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഒവൈസി പറഞ്ഞു. മോദി അധികാരം വിടില്ല. മോദിയെ രാഷ്ട്രീയമായി തോല്‍പ്പിക്കേണ്ടിവരുമെന്നാണ് തനിക്ക് തോന്നുന്നതെന്നും എഐഎംഐഎം നോതാവ് പറഞ്ഞു.

12-May-2024