സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കുന്നു

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കാന്‍ ‘വേതന സംരക്ഷണ’ സേവനം ഔദ്യോഗികമായി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴി ഡിജിറ്റല്‍ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമായിരിക്കും ലഭ്യമാക്കുക.

പുതിയ കരാറുകള്‍ക്ക് കീഴില്‍ വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 2024 ജൂലൈ ഒന്ന് മുതല്‍ ഈ സേവനം ബാധകമാകും. നിലവിലെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഘട്ടംഘട്ടമായാണ് ഇത് നടപ്പാക്കുക. നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്ക് 2025 ജനുവരി ഒന്നിനും മൂന്ന് തൊഴിലാളികളുള്ളവര്‍ക്ക് 2025 ജൂലൈ ഒന്നിനും രണ്ട് തൊഴിലാളികള്‍ ഉള്ളവര്‍ക്ക് 2025 ഒക്ടോബര്‍ ഒന്നിനും പദ്ധതി ബാധകമാകും. 2026 ജനുവരി ഒന്നിനകം എല്ലാ ഗാര്‍ഹിക ജോലിക്കാരെയും പദ്ധതിയിലുള്‍പ്പെടുത്തുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

ഗാര്‍ഹിക തൊഴില്‍ മേഖല വികസിപ്പിക്കുന്നതിനും തൊഴിലുടമയുടെയും ഗാര്‍ഹിക ജോലിക്കാരുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന സംരംഭങ്ങളുടെ തുടര്‍ച്ചയായാണിത്. ശമ്പളം നല്‍കുന്ന പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കാനും അത് സുഗമമാക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ സേവനം വേതനം കൈമാറുന്നതിലെ സുരക്ഷയും വിശ്വാസ്യതയും വര്‍ധിപ്പിക്കുകയും ഇരു കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

2022 ഏപ്രില്‍ ഒന്ന് മുതല്‍ ഗാര്‍ഹിക തൊഴില്‍ സേവനങ്ങള്‍ക്കായുള്ള ദേശീയ പ്ലാറ്റ്ഫോമായ മുസാനിദ് വഴി ഈ സേവനം ലഭ്യമാണെങ്കിലും ജൂലൈ ഒന്ന് മുതലാണ് ഔദ്യോഗികമായി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ഉപഭോക്താക്കളില്‍ നിന്നും കക്ഷികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക ചാനലുകളിലൂടെ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം നല്‍കുന്ന സേവനത്തില്‍ തൊഴിലുടമക്ക് നിരവധി നേട്ടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയത് സ്ഥിരീകരിക്കാന്‍ പദ്ധതി പ്രയോജനപ്പെടുന്നു. കരാറിന്റെ അവസാനത്തിലോ തൊഴിലാളിയുടെ യാത്രവേളയിലോ തൊഴിലാളിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തൊഴിലുടമക്ക് ഇതുവഴി സാധിക്കുന്നു. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പദ്ധതി ഇരു കക്ഷികളെയും സംരക്ഷിക്കുകയും ചെയ്യും.

13-May-2024