മാന്‍ കി ബാത്തില്‍ കേരളത്തിനൊപ്പം ഇന്ത്യന്‍ ജനതയുണ്ടെന്ന് പ്രധാനമന്ത്രി.

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനൊപ്പം ഇന്ത്യന്‍ ജനതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സൈനിക വിഭാഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മാന്‍ കി ബാത്തി' ലാണ് പ്രധാനമന്ത്രി കേരളത്തിനൊപ്പമെന്ന് വീണ്ടും ആവര്‍ത്തിച്ചത്.

പ്രളയക്കെടുതിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ കേരളത്തിന് സഹായം നല്‍കി. സൈനികരുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരാണ് പ്രളയക്കെടുതിയില്‍ യഥാര്‍ത്ഥ നായകന്മാരെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വ്യോമസേന, കരസേന, നാവിക സേന, ബിഎസിഎഫ്, സിഐഎസ്എഫ്, ആര്‍എഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങള്‍ കേരളത്തെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറ്റാന്‍ അക്ഷീണം പ്രവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

പല വിഷയങ്ങളിലും വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴും കേരള മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും വിവാദങ്ങളെ സ്പര്‍ശിക്കാതെ പരസ്പരം നല്ലതുമാത്രം പറഞ്ഞു മുന്നോട്ടുപോകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.



26-Aug-2018