ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി സ്ഥാനത്ത് അമേരിക്കയെ പിന്തള്ളി വീണ്ടും ചൈന ഒന്നാമത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്ന് 100 ബില്യൺ ഡോളർ കടന്നതാണ് ഇതിന് കാരണം. രണ്ട് വർഷത്തിന് ശേഷമാണ് അമേരിക്കയെ പിന്തള്ളി ചൈന മുന്നിലെത്തുന്നത്. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷ്യേറ്റീവിൻ്റേതാണ് കണക്ക്.
2022, 2023 സാമ്പത്തിക വർഷങ്ങളിൽ അമേരിക്കയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. അതിന് മുൻപ് 2021 ൽ ചൈനയായിരുന്നു ഒന്നാമത്. ചൈനയുമായി ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ 118.4 ബില്യൺ ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരം നടത്തിയെന്നാണ് കണക്ക്. ഇതിൽ 101.7 ബില്യൺ ഡോളറും ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയാണ്. 16.67 ബില്യൺ ഡോളറിൻ്റെ കയറ്റുമതിയും നടന്നിട്ടുണ്ട്.
ഇതിന് മുൻപ് 2019 ൽ 16.75 ബില്യൺ ഡോളറിൻ്റെ കയറ്റുമതി ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നടന്നിട്ടുണ്ട്. എന്നാൽ 2019 ൽ നിന്ന് 2024 ലേക്ക് എത്തുമ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ 44.7% വർധനവാണ് രേഖപ്പെടുത്തിയത്. അന്നത്തെ 70.32 ബില്യൺ ഡോളറിൽ നിന്നാണ് 2024 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇറക്കുമതി 101.7 ബില്യൺ ഡോളറിൽ എത്തിയത്.