പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാന്‍ നടത്തിയ രഹസ്യനീക്കം കാണാനും ചെറുക്കാനും കഴിയാത്തത് യുഡിഎഫ് എംപിമാരുടെ പരാജയം

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തിന്റെ റെയില്‍വേ വികസനം അട്ടിമറിക്കാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയരണം.

പുതുതായി തെരഞ്ഞെടുക്കുന്ന എംപിമാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഈ വിഷയത്തില്‍ സമരം നടത്തണം. ഈ നീക്കം ഇപ്പോള്‍ ആരംഭിച്ചതല്ല, യുപിഎ സര്‍ക്കാര്‍ കാലത്ത് പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചാണ് സേലം ഡിവിഷന്‍ ആരംഭിച്ചത്.

അതിനുശേഷം പാലക്കാട് ഡിവിഷനെ ദുര്‍ബലപ്പെടുത്താന്‍ ആസൂത്രിതനീക്കമുണ്ടായി. പാലക്കാട് എംപിയായിരുന്നപ്പോള്‍ പാലക്കാടിനെ മംഗളൂരുവിന്റെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. അന്ന് അതിനെ ശക്തമായി ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. കേന്ദ്രത്തിന് കേരളത്തോട് എല്ലാ മേഖലകളിലും അവഗണനയും ശത്രുതയുമാണ്.

റെയില്‍വേയുടെ കാര്യത്തില്‍ ഇത് കുറച്ച് കൂടുതലാണ്. ഈ നീക്കത്തെ ശക്തമായി എതിര്‍ക്കാന്‍ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ക്ക് കഴിയേണ്ടതായിരുന്നു. പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാന്‍ നടത്തിയ രഹസ്യനീക്കം കാണാനും ചെറുക്കാനും കഴിയാത്തത് യുഡിഎഫ് എംപിമാരുടെ പരാജയമാണ്.

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിന് പറഞ്ഞ ന്യായം നമ്മുടെ മുന്നിലുണ്ട്. അതിന്റെ അവസ്ഥ എന്താണെന്ന് നമുക്കിപ്പോള്‍ അറിയാം. ലാഭനഷ്ടത്തിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ടത്. ജനങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചിട്ടും ആസ്തികള്‍ വിറ്റഴിച്ചിട്ടും റെയില്‍വേ ലാഭത്തിലാകാത്തത് എന്തുകൊണ്ടെന്നതും ഗൗരവമായി പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു.

14-May-2024