സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം അവസാനിപ്പിച്ചു. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തിൽ നിന്ന് 18 ആക്കി. സർക്കുലർ പിൻവലിക്കില്ലെന്നും മാറ്റങ്ങള്‍ വരുത്തുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ക്യാമറ വേണമെന്ന നിബന്ധന അംഗീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി. സമരക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ടെസ്റ്റിന് എത്തുന്നവർക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നും ആക്ഷേപമുയർന്നിരുന്നു.
രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രശ്നത്തിലാണ് ഇന്ന് പരിഹാരമായത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉൾപ്പെടെയുള്ള എതിർപ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ ഉണ്ടായത്. ആരുടെയും ജോലി പോകില്ലെന്നും അഞ്ചുവർഷം എക്സ്പീരിയൻസ് നിർബന്ധമാണെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് സ്കൂൾ ഫീസ് നിര്‍ണയിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കും.
ആദ്യം എച്ച് പിന്നീട് റോഡ് ടെസ്റ്റ് എന്ന രീതി തുടരും. സർക്കുലർ പിൻവലിക്കുകയല്ല, പ്രായോഗിക മാറ്റങ്ങൾ വരുത്തുകയാണ് ചെയ്യുക. കെഎസ്ആർടിസിയുടെ 21 സ്ഥലങ്ങളിൽ ടെസ്റ്റ് നടത്തും. സർക്കാർ പറഞ്ഞിട്ടുള്ള പ്ലോട്ട് വരയ്ക്കാൻ ഡ്രൈവിംഗ് സ്കൂൾ ഉടമകളെ നിയോഗിച്ചു. നാളെ മുതൽ ഇവ നിലവിൽ വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എത്ര ലേണേഴ്സ് പെന്റിങ് ഉണ്ട് എന്ന് കണക്കെടുക്കും.
ലേണേഴ്സ് കാലാവധി കഴിയുമെന്ന് ഓർത്ത് ആരും ആശങ്കപ്പെടേണ്ട. ചെറിയ തുക അടച്ചാൽ ലേണേഴ്സ് കാലാവധി നീട്ടി നൽകും. ലൈസൻസ് എടുത്തതിനുശേഷം വീണ്ടും വണ്ടിയോടിക്കാൻ പോയി പഠിക്കുന്ന രീതി ഇനി വേണ്ട. നല്ല ലൈസൻസ് ഉള്ളവർ നല്ല രീതിയിൽ വണ്ടിയോടിച്ചാൽ അപകടങ്ങൾ കുറയും.
കേരളത്തിൽ ഇനി നല്ല ലൈസൻസ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം റെഡിയായിട്ടുണ്ട്. കെഎസ്ആർടിസിയിൽ നഷ്ടം കുറച്ചു കൊണ്ടുവരികയാണ്. കേരളത്തിൻറെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാമല്ലോയെന്നും മന്ത്രി ചോദിച്ചു.