തൃണമൂൽ കോൺഗ്രസ് ഇന്ത്യാ മുന്നണിയുടെ ഭാഗം: മമത ബാനർജി

തൻ്റെ പാർട്ടി ഇപ്പോഴും പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ ഭാഗമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ഇന്ത്യാ മുന്നണിക്ക് പുറത്തുനിന്നുള്ള പിന്തുണ നൽകുമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബംഗാൾ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.

എന്നാൽ, മമത ബാനർജി സഖ്യം ഉപേക്ഷിച്ച് ഒളിച്ചോടിയെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഡൽഹിയിൽ തൃണമൂൽ കോൺഗ്രസ് ഇന്ത്യൻ ബ്ലോക്കിൻ്റെ ഭാഗമാണെന്ന് വ്യാഴാഴ്ച പറഞ്ഞ മമത ബാനർജി, എന്നാൽ ബംഗാളിൽ കോൺഗ്രസും സിപിഎമ്മുമായും തമ്മിൽ സഖ്യമില്ലെന്ന് വ്യക്തമാക്കി.

ബംഗാളിൽ സഖ്യമില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഞങ്ങൾ ഡൽഹിയിൽ യോജിച്ചു. ഞങ്ങൾ അങ്ങനെ തന്നെ തുടരും,” മമത ബാനർജി ഹൽദിയയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. "ഞാൻ ഇന്ത്യാ സഖ്യം സ്ഥാപിച്ചു, അതിനെ പിന്തുണയ്ക്കുന്നത് തുടരും. അക്കാര്യത്തിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ പാടില്ലെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയോടുള്ള അവിശ്വാസം പ്രകടിപ്പിച്ചു. അവർ ഇതിനകം സഖ്യം ഉപേക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. "എനിക്ക് അവരെ വിശ്വാസമില്ല, അവർ സഖ്യം വിട്ട് ഒളിച്ചോടി, മമതാ ബാനർജിക്ക് ബിജെപിയിലേക്ക് പോകാം... കോൺഗ്രസ് പാർട്ടിയെ തകർക്കാനാണ് അവർ സംസാരിച്ചത്.കോൺഗ്രസിന് 40 സീറ്റിൽ കൂടുതൽ ലഭിക്കില്ലെന്നും അവർ പറഞ്ഞു. ഇപ്പോൾ മാറ്റി പറയുന്നുണെങ്കിൽ അതിനർത്ഥം കോൺഗ്രസ് പാർട്ടിയും സഖ്യവും അധികാരത്തിൽ വരുമെന്നാണ്," ചൗധരി പറഞ്ഞു.

16-May-2024