റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല
അഡ്മിൻ
റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച കാലിക്കറ്റ് സർവ്വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. 23 പ്രവൃത്തിദിവസം കൊണ്ടാണ് ആറാം സെമസ്റ്റർ ബിരുദപരീക്ഷാഫലം സർവ്വകലാശാല പ്രഖ്യാപിച്ച് ചരിത്രം കുറിച്ചത്.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തുന്ന കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാനടപടിക്രമങ്ങൾ ആധുനികവത്കരിച്ചാണ് ഈ കുതിപ്പ് നടത്തിയിരിക്കുന്നത്. ഫാൾസ് നമ്പറിങ് ഒഴിവാക്കാൻ ഉത്തരക്കടലാസിലെ ബാർകോഡിങ്, ക്യാമ്പുകളിലേക്ക് ഉത്തരക്കടലാസെത്തിക്കാൻ തപാൽവകുപ്പുമായി സഹകരണം, മാർക്ക് രേഖപ്പെടുത്താൻ ആപ്പ്, ഉത്തരക്കടലാസുകൾ സുരക്ഷിതമായി സൂക്ഷിക്കാനും പുനർമൂല്യനിർണയത്തിനായി എളുപ്പത്തിൽ തിരിച്ചെടുക്കാനും ഡിജിറ്റൽ സ്റ്റോറേജ്, സെന്റർ ഫോർ എക്സാം ഓട്ടോമേഷൻ ആന്റ് മാനേജ്മെന്റ് സംവിധാനം എന്നിവയിലൂടെയാണ് സർവ്വകലാശാല ഈ മികവ് കൈവരിച്ചിരിക്കുന്നത്.
സാങ്കേതികവിദ്യയ്ക്കൊപ്പം അധ്യാപകരും ജീവനക്കാരും അവരുടെ ജോലികൾ യഥാസമയം ചെയ്തതും അതിവേഗ ഫലപ്രഖ്യാപനത്തിന് സഹായകമായി. അധ്യാപകരേയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ജൂൺ ആദ്യവാരത്തോടെ ഗ്രേഡ് കാർഡ് വിതരണം തുടങ്ങും- മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.