വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി യുവജനസംഘടനകളുമായി നടത്തിയ യോഗത്തില്‍ പ്രതിഷേധം. പ്ലസ് വണ്‍ സീറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫല്‍ കയ്യില്‍ കരുതിയ ടി ഷര്‍ട്ട് ഉയര്‍ത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് നൗഫലിനെ യോഗത്തില്‍ നിന്നും പുറത്താക്കുകയും കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പെന്നും ബാച്ച് വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. 45,000ത്തില്‍ അധികം സീറ്റുകള്‍ മലബാറില്‍ വേണം എന്നതായിരുന്നു എംഎസ്എഫിന്റെ ആവശ്യം. യോഗം നടന്ന ഹാളിനു പുറത്തു കുത്തിയിരിപ്പു പ്രതിഷേധം തുടര്‍ന്ന നൗഫലിനെ കന്റോണ്‍മെന്റ് പൊലീസ് എത്തി അറസ്റ്റ് ചെയ്തു.
മലബാര്‍ മേഖലയില്‍ പത്താം ക്ലാസ് പാസ്സായ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പ്ലസ് വണ്ണില്‍ സീറ്റുകളില്ല. പാലക്കാടു മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ആവശ്യത്തിന് സീറ്റുകളില്ലാത്തത്. ഇതില്‍ മലപ്പുറം ജില്ലയില്‍ മാത്രം 14,000 ത്തോളം സീറ്റുകളുടെ കുറവുണ്ട്. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം പത്താം തരാം പാസ്സായ വിദ്യാര്‍ഥികളുടേതിനേക്കാള്‍ കൂടുതലാണ്. ഈ വര്‍ഷം പ്ലസ് വണ്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തിനു പ്രവേശിക്കാനിരിക്കുന്നത് 3.85 ലക്ഷം വിദ്യാര്‍ഥികളാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മുന്‍പ് അറിയിച്ചിരുന്നു.