അര്‍ണാബിന് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍.

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന  കേരളത്തെയും മലയാളികളെയും അപമാനിച്ച അര്‍ണാബ് ഗോസ്വാമിയെ പിന്തുണച്ച് ബി ജെ പി രാജ്യസഭാംഗവും എന്‍ഡിഎ കേരള വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

അര്‍ണാബിനെ വിമര്‍ശിക്കുന്നവര്‍ കോമാളികളാണെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തത്. സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും കോണ്‍ഗ്രസ് ഇറക്കുന്നത് പോലെയുള്ള വിഡ്ഡിത്തമാണിതെന്നും രാജീവ് ട്വീറ്റിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ടിവിയില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണാബിന്റെ പരാമര്‍ശം.

സംഘപരിവാര്‍ ആഭിമുഖ്യം പുലര്‍ത്തുന്ന അര്‍ണാബിന്റെ ചാനലായ റിപ്പബ്ലിക്ക് ടിവിയില്‍  കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന. 'നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇത്' എന്നായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന.  യുഎഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. പരാമര്‍ശം വിവാദമായതോടെ സോഷ്യല്‍മീഡിയയില്‍ അര്‍ണാബിനെതിരെ പ്രതിഷേധം ശക്തമാണ്.

റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അര്‍ണാബിന്റെ പേജിലും പ്രതിഷേധമറിയിച്ച മലയാളികള്‍ ഇപ്പോള്‍ റിപ്പബ്ലിക്ക് ടിവിയുടെ ആപ്പിന് ആന്‍ഡ്രോയിഡ് പ്ലേസ്‌റ്റോറിലും റേറ്റിംഗ് കുറച്ച് കൊണ്ടിരിക്കുകയാണ്. ചാനലിന്റെ പ്ലേസ്‌റ്റോറിലെ റേറ്റിംഗ് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. നിലവില്‍ ഇന്ന് രാവിലെ 1.8 ആണ് ആപ്പിന്റെ റേറ്റിങ്ങ്.

കേരളത്തെ കരിവാരി തേക്കാന്‍ കൂട്ടുനിന്ന അര്‍ണാബിനും ചാനലിനുമെതിരെ മലയാളികള്‍ ഒറ്റ കെട്ടായി പ്രതികരിക്കുകയാണ്. കേരളത്തില്‍ പ്രളയം വന്ന സമയത്ത് യാതൊരു വിധപരിഗണനയും നല്‍കാത്ത അര്‍ണാബിനും  ചാനലിനുമെതിരെ വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്.  അര്‍ണാബ് വേയ്സ്റ്റ് ജേര്‍ണലിസ്റ്റ് ഇന്‍ ഇന്ത്യ, പ്രൗഡ് ടു ബി എ കേരള തുടങ്ങി നിരവധി ഹാഷ്ടാഗുകളിലായി രൂക്ഷവിമര്‍ശനമാണ് മലയാളികള്‍ ഉന്നയിക്കുന്നത്.

നാടിന്റെ നന്മയും ആപത്ത് വരുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന മലയാളികളുടെ കരുത്തിനേയും പ്രകീര്‍ത്തിച്ചും ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ചുമാണ് പ്രതിഷേധം ഉയരുന്നത്. ഇതിനു മുമ്പും ചാനലിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. അന്ന് ഫേസ്ബുക്കില്‍ നിന്ന് റിവ്യു ബട്ടണ്‍ അധികൃതര്‍ നീക്കം ചെയ്തിരുന്നു.

26-Aug-2018