ലോകമലയാളികളോട് ഒരു മാസത്തെ ശമ്പളം നൽകാൻ അഭ്യർത്ഥിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ദുരിതക്കെടുതിയില്‍ മുക്കിയ വെള്ളപ്പൊക്കത്തില്‍ 35,000 കോടിയിലധികം നഷ്ടം സംഭവിച്ചതായി അനൗദ്യോഗിക വിലയിരുത്തല്‍. ഈ പണം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായ സാഹചര്യത്തില്‍ ലോകമലയാളികളോട് ഒരു മാസത്തെ ശമ്പളം തന്നു സഹായിക്കാൻ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഒറ്റയടിക്ക് ഈ പണം നല്‍കേണ്ടതില്ലെന്നും പത്ത് തവണകളായി തന്നാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. സമൂഹത്തിന്റെ വിവിധ ധാരകളിലുള്ളവർ മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയോട് നല്ല നിലയിലാണ് പ്രതികരിക്കുന്നത്.

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.  സര്‍ക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി, ലോകം നല്‍കുന്ന പിന്തുണയാണ്. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികള്‍ ഒന്നിച്ചു നിന്നാല്‍ ഏതു പ്രതിസന്ധിയെയും മുറിച്ചുകടക്കാന്‍ കഴിയും. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പണം ഒരു തടസ്സമാവില്ല.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ 20,000 കോടിയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കിയ കേരളം വെള്ളമിറങ്ങിയ ശേഷമുള്ള കണക്കെടുപ്പിലാണ് കൂടുതല്‍ നഷ്ടം സംഭവിച്ചതായി കണ്ടെത്തിയത്. തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് തുടങ്ങാന്‍ പോകുന്നതേയുള്ളൂ. എല്ലാവരും ഒരുമിച്ച് നിന്നാല്‍ പുതിയ കേരളം സൃഷ്ടിക്കുക അസാധ്യമാകില്ലെന്നാണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്. കൂടെയുള്ളവരുടെ പിന്തുണ കൂടി ലഭ്യമാക്കാന്‍ പ്രവാസി മലയാളികള്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പ്രളയം സംഭവിച്ചതോടെ സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി അടങ്കലിനേക്കാള്‍ കൂടുതല്‍ പണം കണ്ടെത്തുക എന്ന വെല്ലുവിളിയാണ് സര്‍ക്കാരിന് മുന്നില്‍. ഈ സാമ്പത്തികവര്‍ഷം കേരളത്തിന്റെ തനത് വാര്‍ഷികപദ്ധതി അടങ്കല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചതുള്‍പ്പെടെ 29,150 കോടിയായിരുന്നു. ഇവിടെ നടപ്പാക്കുന്ന കേന്ദ്രപദ്ധതികളുടെ അടങ്കല്‍ 8098 കോടിയും. ഇത് രണ്ടുംചേര്‍ന്നാല്‍ 37,248 കോടി. എന്നാല്‍ പ്രളയനഷ്ടം അന്തിമകണക്കില്‍ ഏതാണ്ട് ഇതിനൊപ്പം വരുന്ന സ്ഥിതിയാണിപ്പോള്‍. കേരളം അതിജീവിക്കുക തന്നെ ചെയ്യുമെന്ന ഹാഷ് ടാഗോടെ സോഷ്യൽ മീഡിയ മുഖ്യമന്ത്രിക്കൊപ്പം ഒറ്റക്കെട്ടായി ഉണ്ട്. ആർ എസ എസ ബി ജെ പി സംഘപരിവാരം മാത്രമാണ് പൊതുവിൽ മലയാളികൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്നത്.

27-Aug-2018