അമിത്ഷായുടെ സുരക്ഷാ വിശദാംശങ്ങൾ തരാൻ പറ്റില്ലെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി : ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക വെളിപ്പെടുത്താനാകില്ലെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍. തുക വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യതയും സുരക്ഷ സംബന്ധിച്ച വിവരങ്ങളും സംരക്ഷിക്കേണ്ടതിനാല്‍ തുക വെളിപ്പെടുത്താനാകില്ലെന്നാണ് കമ്മീഷന്റെ വാദം. ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത് വ്യക്തിയുടെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്നും കമ്മീഷന്‍ വാദിക്കുന്നു. അമിത് ഷാ രാജ്യസഭാംഗം ആകുന്നതിന് മുമ്പ് 2015 ജൂലൈയില്‍ ദീപിക ജുനേജ എന്ന വ്യക്തിയാണ് അപേക്ഷ നല്‍കിയത്.

ബി ജെ പി ദേശീയ അധ്യക്ഷനായതിന് ശേഷം ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് അമിത് ഷായ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭരണഘടനാ പദവികള്‍ വഹിക്കാത്തതിനാല്‍ അമിത് ഷായ്ക്ക് ഇസഡ് പ്ലസ് സുരക്ഷ ആവശ്യമുണ്ടോ എന്ന ചോദ്യമുയര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക താല്‍പ്പര്യത്തിന് പുറത്താണ് അമിത് ഷായ്ക്ക് വഴിവിട്ട സര്‍ക്കാര്‍ സൗകര്യങ്ങള്‍ ചെയ്തുനല്‍കുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

27-Aug-2018