ലൈംഗിക പീഡന കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നാടുവിട്ട ചെറുമകന്‍ പ്രജ്വല്‍ രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങാനും പോലീസില്‍ കീഴടങ്ങാനും മുന്നറിയിപ്പ് നല്‍കി ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. അനുസരിക്കുന്നില്ലെങ്കില്‍ തന്റെ ക്രോധം നേരിടേണ്ടി വരുമെന്ന് ദേവഗൗഡ പ്രജ്വലിന് കര്‍ശന താക്കീത് നല്‍കി.
പ്രജ്വലിനുള്ള തുറന്ന കത്ത് മുന്‍ പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്യുകയും 'എവിടെയായിരുന്നാലും ഉടന്‍ മടങ്ങിയെത്താനും നിയമനടപടിക്ക് വിധേയനാകാനും ഞാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിയും എന്റെ ക്ഷമ പരീക്ഷിക്കരുത്,' എന്ന് അടിക്കുറിപ്പ് എഴുതുകയും ചെയ്തു.
'പ്രജ്വല്‍ രേവണ്ണയ്ക്ക് എന്റെ മുന്നറിയിപ്പ്' എന്ന തലക്കെട്ടോടെ ദേവഗൗഡ എഴുതിയ കത്തില്‍ പ്രജ്വല്‍ രേവണ്ണ ഏറ്റവും കഠിനമായ ശിക്ഷയ്ക്ക് വിധേയനാകണമെന്നാണ് തന്റെ അഭിപ്രായമെന്നും, അദ്ദേഹത്തിന്റെ മകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയും ഇക്കാര്യത്തില്‍ തന്റെ നിലപാട് ശരി വെച്ചെന്നും ദേവഗൗഡ പറയുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി തനിക്കും കുടുംബത്തിനും എതിരെ ആളുകള്‍ ഏറ്റവും കടുത്ത വാക്കുകള്‍ ഉപയോഗിച്ചതായി ഗൗഡ പറഞ്ഞു.'എനിക്ക് അത് അറിയാം. അവരെ തടയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരെ വിമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വസ്തുതകള്‍ പുറത്തുവരുന്നത് വരെ കാത്തിരിക്കണമായിരുന്നുവെന്ന് അവരോട് തര്‍ക്കിക്കാനും ഞാന്‍ ശ്രമിക്കില്ല', ദേവഗൗഡ ഖേദം പ്രകടിപ്പിച്ചു.
ജര്‍മനിയിലുള്ള പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.