ബാർകോഴ വിവാദത്തിൽ പണം നൽകിയെന്നത് നിഷേധിച്ച് ബാറുടമ രംഗത്ത്. ഇടുക്കി അണക്കര സ്പൈസ് ഗ്രോ ബാർ ഉടമയാണ് റിപ്പോർട്ടറിനോട് പ്രതികരിച്ചത്. ആർക്കും പണം നൽകിയിട്ടില്ലെന്ന് ഉടമകളിൽ ഒരാളായ അരവിന്ദൻ വ്യക്തമാക്കി. പണം നൽകുന്നതിന് ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നും ശബ്ദ സന്ദേശത്തെക്കുറിച്ച് അറിയില്ലെന്നും അരവിന്ദൻ പറഞ്ഞു. ബാറിൻ്റെ പേര് പരാമർശിച്ചതിൽ പാർട്ണർമാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അരവിന്ദൻ വ്യക്തമാക്കി.
ഇതിനിടെ ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വി സുനിൽ കുമാർ പ്രതികരിച്ചു. ഇതെല്ലാം നടന്നിരിക്കുന്നത് ഗൂഡലോചനയുടെ ഭാഗമായാണെന്നും സുനിൽ കുമാർ ആരോപിച്ചു. സർക്കാർ അത്തരത്തിലൊരു ആവശ്യത്തിന് സമീപിച്ചിട്ടില്ലെന്നും ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി.
ആദ്യമായാണ് ഇത്തരത്തിൽ മോശമായ ചർച്ച ഉണ്ടാകുന്നതെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചൂണ്ടിക്കാണിച്ചു. തിരുവനന്തപുരത്തൊരു ഓഫീസ് വാങ്ങാൻ സംഘടന തീരുമാനിച്ചു. എന്നാൽ അതിനെ എതിർത്ത ചിലർ ഉണ്ടായിരുന്നു. കെട്ടിടം വാങ്ങാനുള്ള ചിലവിനായി ലോൺ അടക്കം ശ്രമിച്ചിരുന്നു. ഇടുക്കി ചുമതലയുള്ള അനിമോൻ ഉൾപ്പടെ അതിനെ എതിർത്തു.
അനിമോനെ ഇന്നലത്തെ യോഗത്തിൽ സസ്പെൻറ് ചെയ്യാൻ തീരുമാനിച്ചു. തീരുമാനം ഇന്നലത്തെ ചർച്ചയിൽ അറിയിച്ചപ്പോൾ അനിമോൻ ഇറങ്ങി പോയി. വേറെ സംഘടന ഉണ്ടാക്കാൻ അനിമോൻ ശ്രമിച്ചിരുന്നു. സസ്‌പെൻഷനിൽ ആയിരിക്കുന്നവർക്ക് എന്തും പറയാലോ. സസ്‌പെൻഡ് ചെയ്ത മാനസികവസ്ഥയിൽ അയാൾക്ക് എന്ത് വേണമെങ്കിലും പറയാമല്ലോയെന്നും സുനിൽ കുമാർ ചോദിച്ചു.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്ട്സാപ്പിലൂടെ നൽകിയ ശബ്ദ സന്ദേശം നേരത്തെ പുറത്തായിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ അനിമോൻ ശബ്ദസന്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകൾക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തു വന്നത്.