മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ബാർ കോഴ ആരോപണങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് ചർച്ച പോലും നടന്നിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പണപ്പിരിവ് എന്നത് വ്യാജ പ്രചാരണമാണ്. യുഡിഎഫിന്റെ കാലത്തിന്റെ ആവർത്തനം തന്നെയാണ് എൽഡിഎഫ് കാലത്തും എന്ന തെറ്റിദ്ധാരണയിൽ നിന്നാണ് ആരോപണം വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടുകയാണ് സർക്കാർ ചെയ്തത്. ജനങ്ങളുടെ താൽപര്യമാണ് എൽഡിഎഫ് സർക്കാർ സംരക്ഷിക്കുന്നത്. അല്ലാതെ സമ്പന്നന്മാരുടെ താല്പര്യമല്ല.
എൽഡിഎഫ് കാലത്ത് മദ്യ ഉപഭോഗം കുറയുകയാണ് ഉണ്ടായതെന്ന് പറഞ്ഞ എം വി ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി. മന്ത്രി രാജി വെക്കേണ്ട കാര്യമില്ല. വ്യാജ പ്രചാരണത്തിന് എതിരായ അന്വേഷണം വേണമെന്ന് മന്ത്രി പൊലീസിന് കത്ത് നൽകിയിട്ടുണ്ടെന്നും അറിയിച്ചു .