അണ്ണാമലൈ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് അണ്ണാഡിഎംകെ

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിത ഹൈന്ദവർക്കു വേണ്ടി പ്രവർത്തിച്ച ഹിന്ദു നേതാവായിരുന്നു എന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പ്രസ്താവനയെച്ചൊല്ലി വിവാദം. ജയലളിതയുണ്ടായിരുന്നപ്പോൾ തമിഴ്നാട്ടിൽ ഹിന്ദുക്കളിൽ നിന്ന് അവർക്ക് ഏറെ പിന്തുണ ലഭിച്ചിരുന്നു.

അവർ ഹിന്ദുമതത്തിനായി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തതാണ് അതിനു കാരണമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. ജയലളിത ഒരു പരമോന്നത ഹൈന്ദവ നേതാവായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. എന്നാൽ അവരുടെ മരണശേഷം അവരുടെ പാർട്ടിയായ അണ്ണാഡിഎംകെ ഈ നയത്തിൽ നിന്നു മാറി. ഇതുമൂലം തമിഴ്നാട്ടിലുണ്ടായ വലിയ ശൂന്യത നികത്തുകയാണു ബിജെപി ഇപ്പോൾ ചെയ്യുന്നതെന്നും അണ്ണാമലൈ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജയലളിതയെ ഏകമത നേതാവായി ചിത്രീകരിച്ച് അണ്ണാമലൈ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് അണ്ണാഡിഎംകെ സംഘടനാ സെക്രട്ടറി ഡി.ജയകുമാർ രംഗത്തെത്തി. ഹിന്ദു, ഇസ്‌ലാം, ക്രിസ്ത്യൻ എന്നിവയുൾപ്പെടെ എല്ലാ മതങ്ങളോടും തുറന്ന സമീപനമായിരുന്നു ജയലളിതയ്ക്ക്.

എല്ലാ മതങ്ങളെയും അവർ ഒരുപോലെ ബഹുമാനിച്ചു. അണ്ണാമലൈയുടെ പ്രസ്താവന വെറും രാഷ്ട്രീയ ലാഭത്തിനുള്ളതെന്നും ജയകുമാർ പറഞ്ഞു. ജയലളിതയുടെ തോഴി വി.കെ.ശശികലയും അണ്ണാമലൈയുടെ പ്രസ്താവനയെ തള്ളി. യഥാർഥ ദ്രാവിഡ നേതാവായാണ് അവസാന ശ്വാസം വരെ ജയലളിത ജീവിച്ചിരുന്നുവെന്ന് ശശികല പറഞ്ഞു.

26-May-2024