മദ്യനയം; ടൂറിസം മന്ത്രി അറിഞ്ഞുകൊണ്ടല്ല യോഗംവിളിച്ചു ചേര്‍ത്തത്

മദ്യനയത്തില്‍ ടൂറിസം വകുപ്പ് നടത്തിയ ചര്‍ച്ച ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കാനുള്ള അഭിപ്രായ സ്വരൂപണ യോഗമെന്ന് വിശദീകരണം. യോഗം മന്ത്രിതലത്തില്‍ അല്ല. മദ്യനയത്തില്‍ ടൂറിസം മേഖലയില്‍ അഭിപ്രായത്തിനാണ് യോഗം ചേര്‍ന്നതെന്നാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം. ടൂറിസം മന്ത്രി അറിഞ്ഞുകൊണ്ടല്ല യോഗംവിളിച്ചു ചേര്‍ത്തത്.

സാധാരണരീതിയില്‍ എല്ലാവര്‍ഷവും മദ്യനയവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളിലും ഇത്തരത്തില്‍ ഒരു യോഗം നടക്കാറുണ്ട്. അത് സാധാരണ നടപടിക്രമമെന്നാണ് ടൂറിസം വകുപ്പ് വിശദീകരിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ അഭിപ്രായം അറിയാന്‍ വേണ്ടി ചീഫ് സെക്രട്ടറിയാണ് എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്ക് യോഗം വിളിച്ച് നിര്‍ദേശം നല്‍കിയത്.

ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം വകുപ്പു സെക്രട്ടറിമാര്‍ അവരുടെ വകുപ്പുകള്‍ക്ക് കീഴില്‍ അഭിപ്രായ സ്വരൂപണത്തിന്റെ ഭാഗമായി അവരുടെ മേഖലകളില്‍ വരുന്ന ആളുകളെ വിളിച്ചു ചേര്‍ത്ത് യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ടൂറിസം ഡയറക്ടര്‍ യോഗംവിളിച്ചത്. ഇത് സൂം മീറ്റിങ് ആയിരുന്നു.

ബാറുടമകള്‍ അടക്കം ഇതില്‍ പങ്കെടുത്തിരുന്നു. ഇതില്‍ മന്ത്രിയുടെ ഇടപെടലോ നിര്‍ദേശമോ ഒന്നും ഇല്ല എന്നാണ് ടൂറിസം വകുപ്പ് വിശദീകരിക്കുന്നത്. സൂം മീറ്റിങ് വഴി നടത്തിയ യോഗത്തിലെ അഭിപ്രായം ടൂറിസം ഡയറക്ടര്‍ ടൂറിസം സെക്രട്ടറിക്ക് കൈമാറും. ഇത് ചീഫ് സെക്രട്ടറിക്ക് കൈമാറും. ഇതാണ് നടപടിക്രമമെന്ന് ടൂറിസം വകുപ്പ് വിശദീകരിച്ചു.

26-May-2024