ഇസ്രയേലിനെതിരേ വീണ്ടും മിന്നലാക്രമണവുമായി ഹമാസ്. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫായില്‍ നിന്ന് കുറഞ്ഞത് എട്ടോളം മിസൈലുകളാണ് ഹമാസ് തുടരെ തൊടുത്തത്. ഇതില്‍ പലതും ആകാശത്തുവച്ചു തന്നെ ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയുടെ റിപ്പോർട്ടില്‍ പറയുന്നു.
അതേസമയം ടെല്‍ അവീവില്‍ വലിയ മിസൈല്‍ ആക്രണം നടത്തിയതായാണ് ഹമാസിന്റെ മിലിട്ടറി വിങ്ങായ ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്‍സ് ടെലഗ്രാം ചനലില്‍ പങ്കുവെച്ചിരിക്കുന്ന സന്ദേശം. ആക്രമണത്തില്‍ ആള്‍നാശം ഉണ്ടായത് സംബന്ധിച്ച് സ്ഥിരീകരണമില്ല. എന്നാല്‍ വ്യാപാര സമുച്ചയങ്ങള്‍ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഹെർസ്‌ലിയ, പേറ്റാ ടിക്വ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് റോക്കറ്റ് സൈറണുകള്‍ മുഴങ്ങി. നിലവില്‍ റഫായില്‍ ഇസ്രയേല്‍ സൈനികനടപടികള്‍ സ്വീകരിക്കുകയാണ്. ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്ന ഗാസ ക്ഷാമം നേരിടുന്നതായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ജെനീവ ഇന്റർനാഷണല്‍ സെന്റർ ഫോർ ജസ്റ്റിസ് ഉള്‍പ്പെടെയുള്ള 70 സംഘടനകള്‍ ആവശ്യപ്പെട്ടു. ജനീവ ആസ്ഥാനമായുള്ള യൂറൊ മെഡ് ഹ്യൂമന്‍ റൈറ്റ്‍സ് മോണിറ്ററിന്റെ റിപ്പോർട്ട് പ്രകാരം ഗാസയില്‍ ക്ഷാമം പടരുകയാണ്.