ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി;
അഡ്മിൻ
ഇടക്കാല ജാമ്യം നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥന് എന്നിവരുടെ അവധിക്കാല ബെഞ്ച് വിഷയം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് വിട്ടു. തന്റെ ഇടക്കാല ജാമ്യം ജൂണ്‍ 1 ന് അവസാനിക്കാനിരിക്കെ മെഡിക്കല്‍ കാരണങ്ങളാല്‍ ഏഴ് ദിവസം കൂടി ജാമ്യം നീട്ടണമെന്നാണ് മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി വഴി കെജ്രിവാള് അഭ്യര്‍ത്ഥിച്ചത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാര്‍ച്ച് 21 ന് അറസ്റ്റ് ചെയ്ത കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ മേയ് 10 ന് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം സുപ്രീം കോടതി നല്‍കിയിരുന്നു. ചില മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാകുന്നതിന് മുഖ്യമന്ത്രിക്ക് സമയം നീട്ടി നല്‍കണമെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വിയുടെ അടിയന്തര പരാമര്‍ശം ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥന് എന്നിവരുടെ ബെഞ്ച് നിരസിച്ചു.
ബുധനാഴ്ച വാദം കേള്‍ക്കുന്നതിനായി ജാമ്യം നീട്ടാനുള്ള അപേക്ഷ ലിസ്റ്റ് ചെയ്യാന്‍ സിംഗ്വി ബെഞ്ചിനോട് അഭ്യര്‍ത്ഥിച്ചു, 'ഇത് ദില്ലി മുഖ്യമന്ത്രിയുടെ കാര്യമാണ് ... എനിക്ക് ഏഴ് ദിവസത്തെ സമയം നീട്ടിവെക്കല്‍ മാത്രമേ ആവശ്യമുള്ളൂ'. സിംഗ്വി പറഞ്ഞു.'ഇത് കേള്‍ക്കുകയും മാറ്റിവെച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഇത് ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ വെക്കട്ടെ, അദ്ദേഹം വിളിക്കട്ടെ. ഞങ്ങള്‍ ഇത് ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ വയ്ക്കാം,' ബെഞ്ച് മറുപടി നല്കി.